Kerala NewsLatest NewsNews

സ്വവര്‍ഗ ലൈംഗികതയ്ക്ക് വിനോദിനെ ആളൊഴിഞ്ഞ പറമ്പിലേക്ക് ഷിബുവും അനിലും കൊണ്ടുപോയി, അച്ചന്‍ കോവിലാറ്റില്‍ കണ്ട മൃതദേഹത്തിന്റെ ചുരുളഴിയുന്നു

മാവേലിക്കര: ഒരു വര്‍ഷം മുന്‍പ് അച്ചന്‍കോവിലാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം സ്വവര്‍ഗ ലൈംഗികതയ്ക്കിടെ സംഭവിച്ച കൊലപാതകമെന്ന് പൊലീസ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 1ന് മാവേലിക്കര വലിയപെരുംമ്പുഴ പാലത്തിന് കിഴക്കവശം അച്ചന്‍കോവിലാറ്റില്‍ അജ്ഞാത പുരുഷ മൃതദേഹം കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ ആളെ തിരിച്ചറിയാനായില്ല. പിന്നീട് ഡിഎന്‍എ പരിശോധന വഴി മൃതദേഹം ഇതേ കാലയളവില്‍ ചെട്ടികുളങ്ങരയില്‍ നിന്ന് കാണാതായ കണ്ണമംഗലം കൈതവടക്ക് കന്നേല്‍ വീട്ടില്‍ വിനോദ്(34)ന്റേതാണെന്ന് കണ്ടെത്തുകയായിരുന്നു.

മുങ്ങിമരണം എന്ന് കരുതി അവസാനിപ്പിക്കേണ്ട കേസില്‍ പൊലീസിന് തോന്നിയ ചില സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പിന്നീട് പഴുതടച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചെട്ടികുളങ്ങര ഷിബു ഭവനത്തില്‍ ഷിബു കാര്‍ത്തികേയന്‍(32), പേള കൊച്ചുകളീക്കല്‍ അനില്‍കുമാര്‍(45) എന്നിവര്‍ പിടിയിലായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വലിയപെരുമ്പുഴ പാലത്തിന് സമീപം അജ്ഞാത പുരുഷന്റെ മൃതദേഹം ജീര്‍ണ്ണാവസ്ഥയില്‍ വിവസ്ത്രനായ നിലയില്‍ പൊങ്ങി. ഇതേകാലയളവില്‍ ചെട്ടികുളങ്ങരയില്‍ നിന്ന് കാണാതായ വിനോദിന്റെതാണോ മൃതദേഹം എന്ന നിലയില്‍ പൊലീസിന് സംശയം തോന്നിയിരുന്നെങ്കിലും ബന്ധുക്കള്‍ തിരിച്ചറിഞ്ഞില്ല.

മൃതദേഹത്തെ കുറിച്ചുള്ള സംശയത്തെ തുടര്‍ന്ന് പൊലീസ് പോസ്റ്റ്മോര്‍ട്ടത്തില്‍ ഡിഎന്‍എയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ അയച്ചിരുന്നു. തുടര്‍ന്ന് 2021 ജനുവരി മാസത്തില്‍ വന്ന പരിശോധനാ ഫലത്തില്‍ മരിച്ചത് വിനോദാണെന്ന് തെളിഞ്ഞു. പോസ്റ്റ്മോര്‍ത്തില്‍ മരണം വെള്ളത്തില്‍ മുങ്ങി സംഭവിച്ചതാണെന്നും വ്യക്തമായി. ഇതിനിടെ 2020 ഫെബ്രുവരി 28ന് വൈകിട്ട് 4.30ന് വിനോദിനെ രണ്ടുപേര്‍ പനച്ചമൂട് ഭാഗത്ത് വെച്ച് ബൈക്കില്‍ പിന്‍തുടര്‍ന്ന് ചെല്ലുന്നതും ബൈക്കില്‍ പിടിച്ചുകയറ്റി വലിയപെരുംമ്പുഴ ഭാഗത്തേക്ക് കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങള്‍ സമീപത്തെ പമ്പിലെ സിസിടിവി ക്യാമറയില്‍ നിന്ന് പോലീസിന് ലഭിച്ചു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വിനോദിന്റെ അയല്‍വാസിയായ ഷിബു ഇയാളെ ഭീഷണിപ്പെടുത്തി സ്വവര്‍ഗലൈംഗികതയ്ക്ക് ഉപയോഗിക്കാറുണ്ടായിരുന്നു എന്നും ഷിബുവും സുഹൃത്ത് അനിലും ചേര്‍ന്ന് വിനോദിനെ ആളൊഴിഞ്ഞ പറമ്പിലേക്കും മറ്റും കൊണ്ടുപോകാറുണ്ടെന്നും വിവരം ലഭിച്ചു. ഷിബുവിനെ ബൈക്കില്‍ പിടിച്ചു കയറ്റിയതും ഇവരാണെന്ന് വ്യക്തമായതോടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു നടത്തിയ ചോദ്യം ചെയ്തു. ആദ്യം അവര്‍ കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ കൊലപാതകം സമ്മതിക്കുകയായിരുന്നു.

പ്രതികള്‍ വിനോദിനെ ബലമായി ബൈക്കില്‍ കയറ്റി വലിയപെരുംമ്പുഴ പാലത്തിന് കിഴക്കുവശം അച്ചന്‍ കോവിലാറ്റില്‍ കൊണ്ടുവന്ന് വിവസ്ത്രനാക്കി ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും വെള്ളത്തിലിറക്കി സ്വവര്‍ഗ ലൈംഗികതയ്ക്ക് പ്രേരിപ്പിച്ചു. ബലപ്രയോഗത്തിനിടെ നീന്തല്‍ അറിയാത്ത വിനോദ് ആറ്റില്‍ മുങ്ങി താഴുകയായിരുന്നു. വിനോദ് വെള്ളത്തില്‍ മുങ്ങിപ്പോയതോടെ വസ്ത്രങ്ങള്‍ സമീപത്ത് കുഴിച്ചിട്ടതായും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇതിനിടെ മദ്യപിച്ചുകൊണ്ടിരുന്നപ്പോള്‍ അനില്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തല്‍ നടത്തിയ വിവരവും പൊലീസിന് ലഭിച്ചിരുന്നു. പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button