keralaKerala NewsLatest News

‘പരാതിക്കാരിയുടെ ഐഡന്റിറ്റി പുറത്ത് വിട്ടു’; കൃഷ്ണകുമാറിനെതിരെ പൊലീസ് കേസെടുക്കണമെന്ന് സന്ദീപ് വാര്യർ

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരായ പീഡനപരാതിയിൽ വീണ്ടും വിവാദം. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ആരോപണവുമായി രംഗത്ത്. യുവതി സ്വന്തം സ്വകാര്യത സംരക്ഷിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷന് ഇമെയിൽ മുഖേനയാണ് പരാതി നൽകിയത്. എന്നാൽ, കൃഷ്ണകുമാർ തന്നെ പരാതിക്കാരിയുടെ തിരിച്ചറിയൽ പുറത്തുവിട്ടത് നിയമലംഘനമാണെന്നും, ഭാവിയിൽ ആരും തനിക്കെതിരെ പരാതിയുമായി വരാതിരിക്കാനാണ് അദ്ദേഹം ഇത്തരം നടപടി എടുത്തതെന്നും സന്ദീപ് ആരോപിച്ചു. ഇതിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

“മിനി കൃഷ്ണകുമാറിന്റെ ജീവിതം തകർക്കരുത്” എന്ന പിതാവിന്റെ നിലപാടിനാൽ ആദ്യം കേസ് ഒതുങ്ങിപ്പോയെങ്കിലും, ബന്ധപ്പെട്ട സിവിൽ കേസ് ഇപ്പോഴും ഹൈക്കോടതിയിൽ നിലനിൽക്കുന്നതായും സന്ദീപ് പറഞ്ഞു. ലൈംഗിക പീഡന കേസിൽ കൃഷ്ണകുമാറിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും, 2025 ഏപ്രിലിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം ഓർമ്മിപ്പിച്ചു. പാലക്കാട് എസ്.പി. ഓഫീസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണെന്നും സന്ദീപ് ചൂണ്ടിക്കാട്ടി.

അതിജീവിത നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ആർഎസ്എസ് മുൻ പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി മാസ്റ്റർ, ശോഭാ സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവർക്ക് വിവരം ഉണ്ടായിരുന്നുവെന്നും, ശോഭാ സുരേന്ദ്രൻ അതിജീവിതയുമായി നേരിട്ട് സംസാരിച്ചതായും സന്ദീപ് പറഞ്ഞു. അതിജീവിതയ്ക്കും മാതാവിനും നേരെയുണ്ടായ ആക്രമണത്തിനു ശേഷം ചികിത്സാ സഹായം നൽകിയത് നടൻ സുരേഷ് ഗോപിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇത് പുറത്തുനിന്ന് വന്ന പരാതി അല്ല, കുടുംബത്തിനുള്ളിൽ നിന്നുള്ളതാണ്. സ്വത്തുസംബന്ധമായ തർക്കമാണ് ഇതിന് പിന്നിൽ” എന്നും സന്ദീപ് പറഞ്ഞു. മുൻകാലങ്ങളിലും കൃഷ്ണകുമാറിനെതിരെ പലതവണ പരാതികൾ ഉയർന്നിട്ടുണ്ടെന്നും, പക്ഷേ പാർട്ടിക്കുള്ളിലെ സംരക്ഷണമാണ് അവ തള്ളിപ്പോകാൻ കാരണമായതെന്നും അദ്ദേഹം വിമർശിച്ചു.

വെണ്ണക്കരയിലും കൊടുങ്ങല്ലൂരിലും നടന്ന സംഭവങ്ങളെക്കുറിച്ചും സൂചിപ്പിച്ച സന്ദീപ്, “കേരളത്തിലെ ബ്രിജ് ഭൂഷണാണ് കൃഷ്ണകുമാർ” എന്നും പരാമർശിച്ചു. പരാതികൾ നേരിട്ട് ലഭിച്ചിട്ടും നടപടി എടുക്കാതെ പാർട്ടി നേതൃത്വം മൗനം പാലിക്കുന്നുവെങ്കിൽ, അതിന്റെ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും സഹനേതൃത്വത്തിനുമാണെന്നും സന്ദീപ് പറഞ്ഞു.

അതേസമയം, ആരോപണങ്ങൾ തള്ളി സി. കൃഷ്ണകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതി തന്നെ തള്ളിക്കളഞ്ഞ പഴയ കേസുകളെയാണ് വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നതെന്നും, 2015-ലും 2020-ലും ഇതേ പരാതി ഉപയോഗിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സ്വത്തുതർക്കത്തിന്റെ ഭാഗമായി ഉയർന്ന വ്യാജപരാതിയാണിത്. തെറ്റായ വിവരം പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. സന്ദീപ് വാര്യർ ബിജെപിയിലായിരുന്നപ്പോഴും ഇതേ വിഷയമാണ് മുന്നോട്ട് വച്ചതെന്നും, അന്ന് പരാതിക്കാരിയുടെ വക്കീൽ സിപിഐഎം നേതാവായിരുന്നുവെന്നും കൃഷ്ണകുമാർ ആരോപിച്ചു.

Tag: The complainant’s identity was revealed’; Sandeep Warrier wants the police to file a case against Krishnakumar

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button