ബിജെപി സര്‍ക്കാരിന് മൂന്നാംവട്ടം അധികാരം ഉറപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരില്‍ ബിജെപിയുടെ മൂന്നാമൂഴം ഉറപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ശക്തമായ നേതൃത്വമില്ലാത്ത രാഷ്ട്രീയപാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവര്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ചൂണ്ടിക്കാണിക്കുകയാണ്. അമ്മയും മകനും മാറിമാറി അധികാരസ്ഥാനത്ത് വന്നതൊഴിച്ചാല്‍ കുടുംബാധിപത്യത്തിന് അവസാനം കുറിക്കാന്‍ പാര്‍ട്ടിയും നേതാക്കളും മുന്‍കൈയെടുക്കുന്നില്ല.
ഇന്ദിര ഗാന്ധിക്കുശേഷം നല്ലൊരു നേതാവിനെ നെഹ്‌റു കുടുംബത്തില്‍ നിന്ന് ചൂണ്ടിക്കാണിക്കാന്‍ ഉണ്ടായിട്ടുമില്ല. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനുശേഷം സഹതാപതരംഗത്തില്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. എന്നാല്‍ വി.പി. സിംഗിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട കൂട്ടുമുന്നണി രാജീവിന്റെ ഭരണത്തുടര്‍ച്ച തടഞ്ഞു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ രാജീവ് വധത്തിന്റെ സഹതാപതരംഗം നരസിംഹറാവു സര്‍ക്കാരിനെ അധികാരത്തിലേറ്റി. പിന്നീട് 2004 വരെ കോണ്‍ഗ്രസ് ഭരണത്തില്‍ നിന്നകന്നു നിന്നു.
സോണിയയെ മുന്‍നിര്‍ത്തി 2004ലും 2009ലും കോണ്‍ഗ്രസ് കേന്ദ്രഭരണത്തിലെത്തിയെങ്കിലും 2014ല്‍ കോണ്‍ഗ്രസ് വന്‍ പരാജയം രുചിച്ചു. 2019ല്‍ പ്രതിപക്ഷകക്ഷിയാവാനുള്ള എണ്ണം തികയ്ക്കാന്‍ പോലുമാവാതെ ദേശീയരാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ട് കോണ്‍ഗ്രസ് ഉഴലുകയാണ്. ഭാവി പ്രധാനമന്ത്രിയെന്ന വിശേഷണവുമായി ഉലകം ചുറ്റുന്ന മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കേരളത്തില്‍ നിന്നും വരദാനമായി ലോക്‌സഭാംഗത്വം ലഭിച്ചു.
കുടുംബസ്വത്തുപോലെ കൈകാര്യം ചെയ്ത യുപിയിലെ അമേഠി മണ്ഡലം ഇനി കോണ്‍ഗ്രസിന് മരീചികയാണെന്ന് നെഹ്‌റു കുടുംബം വിധിയെഴുതിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ ഫലവത്തായ ഒരു സമരം പോലും നയിക്കാനാവാതെ എന്തിനും ഏതിനെ സര്‍ക്കാരിനെ കുറ്റപ്പെടുത്തി മാത്രം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനാണ് അവര്‍ക്ക് താത്പര്യം. പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് അധികാരം പങ്കിടാനുള്ള മോഹം തുടക്കത്തില്‍ തന്നെ പാളുകയാണ്. ശരദ് പവാര്‍ എന്ന പരിചയസമ്പന്നനായ രാഷ്ട്രീയക്കാരന്‍ മഹാരാഷ്ട്രയില്‍ നിറഞ്ഞുനിന്നില്ലായിരുന്നെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ നിയമസഭ കാണാന്‍ പോലും കോണ്‍ഗ്രസിനാവുമായിരുന്നില്ല.
രാജസ്ഥാനും പഞ്ചാബും ഛത്തീസ്ഗഡും ആണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഭരിക്കുന്നത്. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും സഖ്യകക്ഷികളും. കര്‍ണാടകയിലും മധ്യപ്രദേശിലും അധികാരത്തിലെത്തിയെങ്കിലും ഭരണം ബിജെപിക്ക് അടിയറവച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് എത്തിനോക്കാന്‍ പോലും കോണ്‍ഗ്രസിനാവില്ല. യുപിയിലും ബിഹാറിലും ഡല്‍ഹിയിലുമെല്ലാം സ്ഥിതി പരിതാപകരവുമാണ്. കേരളവും കര്‍ണാടകയും കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് അഡ്രസില്ല.
അതിനിടെയാണ് ബിജെപിയെ തോല്‍പിക്കാനായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാന്‍ നടക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ ബലത്തിലാണ്. എന്നാല്‍ ദേശീയനേതൃത്വം ഹൈന്ദവപ്രീണനം ലക്ഷ്യമിട്ട് ഉത്തരേന്ത്യയില്‍ വോട്ട് കൂട്ടാന്‍ ശ്രമിക്കുകയാണ്. ഇത് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ഇടത് പക്ഷത്തിനും ക്ഷീണമായിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് കേരളത്തില്‍ നേട്ടം കൊയ്തപോലെ ബിജെപി എല്ലാ വോട്ടും വാരിക്കൊണ്ടുപോകുമെന്നാണ് ഇപ്പോള്‍ കേരളത്തിലെ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.
2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ലക്ഷ്യമിടുന്നത് 333 സീറ്റുകളാണ്. മിഷന്‍ 333 സാധ്യമാക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടി ചുവടുറപ്പിക്കാനാണ് ബിജെപി നീക്കം. 2014ല്‍ 282 സീറ്റ് നേടിയാണ് കേന്ദ്രത്തില്‍ ബിജെപി ഭരണം പിടിച്ചത്. 2019ല്‍ അത് 303 സീറ്റായി വര്‍ധിപ്പിക്കുകയും ചെയ്തു. ഇനി നടക്കാനിരിക്കുന്ന 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ മൂന്നാം ടേമും ഒപ്പം കൂടുതല്‍ സീറ്റുകളുമാണ് ബിജെപി ലക്ഷ്യമിടുന്നത്. പശ്ചിമബംഗാള്‍ മുതല്‍ തമിഴ്നാട് വരെയുള്ള സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
രാഹുലിന്റെയും പ്രിയങ്കയുടെയും നീക്കങ്ങള്‍ കോണ്‍ഗ്രസ് മുക്തഭാരതം എന്ന മോദിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ളതാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. വടക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ് തന്നെ ചോദ്യചിഹ്നമായി നില്‍ക്കുമ്പോള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളില്‍ അസ്വസ്ഥരായി കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുകയുമാണ്.