കോണ്‍ഗ്രസിന് പാര്‍ലമെന്റിലും വന്‍ പ്രതിസന്ധി
ന്യൂഡല്‍ഹി: ഒരിക്കല്‍ ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് അപ്രമാദിത്വത്തിന്റെ ചിരിയുമായി ആയിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ നിറഞ്ഞു നിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുഖ്യപ്രതിപക്ഷസ്ഥാനം പോലും അലങ്കരിക്കാനാവാതെ കഷ്ടപ്പെടുകയാണ്. ഇപ്പോള്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പദവികളും കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ പോവുകയാണ്. മൂന്ന് ചെയര്‍മാന്‍ പദവിയാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ കൈവശമുള്ളത്. പാര്‍ലമെന്റിലെ പാനല്‍ പുനഃസംഘടനയില്‍ അതും നഷ്ടമാകുമെന്ന് ഉറപ്പായി.
ഇതോടെ പാര്‍ലമെന്റില്‍ ഏതെങ്കിലും തരത്തില്‍ കരുത്തുകാണിക്കാനുള്ള എല്ലാ സാധ്യതയും അവര്‍ക്ക് നഷ്ടമാവുകയാണ്. ഏതെങ്കിലും നടപടിയുടെയോ തീരുമാനത്തിന്റെയോ ഭാഗമാകാനുള്ള അവസരം ഇതോടെ കോണ്‍ഗ്രസിനു മുന്നില്‍ അടയുകയാണ്. പാര്‍ലമെന്റിലെ ഇരുസഭകളിലും അംഗങ്ങള്‍ കുറവായതിനാല്‍ ചെയര്‍മാന്‍ പദവി കോണ്‍ഗ്രസിന് നഷ്ടമാകുന്നത്.
ലോക്‌സഭയില്‍ 52 ഉം രാജ്യസഭയില്‍ 33 ഉം അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. 24 പാനലുകളില്‍ ചെയര്‍മാന്‍ പദവി പാര്‍ലമെന്റിലെ അംഗസംഖ്യ അനുസരിച്ചാണ് ലഭിക്കുക. ഇവരെ നിര്‍ദേശിക്കുന്നത് ലോക്‌സഭയില്‍ സ്പീക്കറും രാജ്യസഭയില്‍ ഉപരാഷ്ട്രപതിയുമാണ്. 16 എണ്ണം ലോക്സഭയുടെ പരിധിയിലും ബാക്കിയുള്ള എട്ടെണ്ണം രാജ്യസഭയുടെ പരിധിയിലുമാണ്.
ഇതിന് കര്‍ശനമായ ക്വാട്ട സമ്പ്രദായമാണ് പാര്‍ലമെന്റ് പിന്തുടരുന്നത്. ഓരോ പാനലിനും ഒരു വര്‍ഷത്തെ കാലാവധിയാണ്. വര്‍ഷാവസാനം ഈ പാനല്‍ പുനഃസംഘടിപ്പിക്കും. ലോക്സഭയുടെ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പാനലുകള്‍ പിരിച്ചുവിടും. പുതിയ ലോക്സഭ നിലവില്‍ വന്ന ശേഷം പുതിയ പാനലും രൂപീകരിക്കും. ആഭ്യന്തര കാര്യങ്ങള്‍, വിവരസാങ്കേതിക വിദ്യ, പരിസ്ഥിതി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളാണ് നിലവില്‍ കോണ്‍ഗ്രസിന് ചെയര്‍മാന്‍ സ്ഥാനമുള്ളത്.