Latest NewsNationalNewsPolitics

രാജ്യസ്‌നേഹം വിപത്താണെന്നു പറയാതെ പറഞ്ഞ് കോണ്‍ഗ്രസ്

പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലാണ് അകാലിദള്‍- ബിജെപി സഖ്യത്തെ തറപറ്റിച്ച് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. അകാലിദളിന്റെ നേതൃത്വത്തിലുള്ള ഭരണത്തെ പഞ്ചാബിലെ ജനങ്ങള്‍ കൈയൊഴിയുകയാണുണ്ടായത്. ആര്‍മി ജീവിതത്തില്‍ ആര്‍ജിച്ച കരുത്തുറ്റ മനസും അചഞ്ചലമായ രാജ്യസ്‌നേഹവും കൈമുതലായുള്ള ക്യാപ്റ്റന്‍ അമരീന്ദറിനെ അവിടെ മന്‍മോഹന്‍ സിംഗിന്റെ നിര്‍ദേശപ്രകാരമാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ചുമതല ഏല്‍പിച്ചത്. തന്നിലര്‍പ്പിച്ച വിശ്വാസം കാത്ത് അമരീന്ദര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കി.

ഖാലിസ്ഥാന്‍ വിഘടനവാദികളും പാക്കിസ്ഥാനിലെ ഭീകരരുമെല്ലാം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വന്നതിനെ സര്‍വാത്മനാ സ്വാഗതം ചെയ്തു. കാരണം മയക്കുമരുന്ന് കച്ചവടവും അത്യാവശ്യം വിഘടനവാദവുമെല്ലാം വിതയ്ക്കാനും കൊയ്യാനും തങ്ങള്‍ക്ക് വേലിക്കെട്ടുകള്‍ തടസമാകില്ലെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഒരു പട്ടാളക്കാരന്റെ കൗശലബുദ്ധി അവര്‍ക്കെല്ലാം വിലങ്ങുതടിയായി. ഇതിനിടയിലാണ് ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ് സിദ്ദു കോണ്‍ഗ്രസ് പാളയത്തിലെത്തുന്നത്.

തന്റെ അപ്രമാദിത്വം അംഗീകരിക്കാത്ത അമരീന്ദറിനെ തുടക്കം മുതല്‍ സിദ്ദു എതിര്‍ത്തുപോന്നു. സിദ്ദു മുഖ്യമന്ത്രി അല്ലെങ്കില്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ശഠിച്ചെങ്കിലും ചേക്കേറിയവന് സ്ഥാനം കൊടുക്കാന്‍ അമരീന്ദര്‍ തയാറായില്ല. തന്നെ അമരീന്ദര്‍ അംഗീകരിക്കുന്നില്ലെന്ന് നാടുനീളെ പാടി നടന്ന സിദ്ദു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സഹാനുഭൂതി പിടിച്ചുപറ്റി. നീണ്ട വാഗ്വാദങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം സിദ്ദുവിനെ പഞ്ചാബ് പിസിസി പ്രസിഡന്റാക്കി സോണിയ. ഇതോടെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ പാര്‍ട്ടി നയങ്ങള്‍ക്കനുസരിച്ചാക്കാന്‍ സിദ്ദു അരയും തലയും മുറുക്കി രംഗത്തെത്തി.

അമരീന്ദറും സിദ്ദുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത് ഇവിടെ നിന്നാണ്. ഇതിനിടയിലാണ് കര്‍ഷകസമരം ഉടലെടുക്കുന്നത്. കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കാനുള്ള ഏതവസരവും ഉപയോഗിക്കുന്ന കോണ്‍ഗ്രസ് പഞ്ചാബില്‍ നിന്ന് ആളുകളെ സ്‌പോണ്‍സര്‍ ചെയ്ത് ഡല്‍ഹിയിലെത്തിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. അമരീന്ദര്‍ ഈ രാഷ്ട്രീയ സമരത്തിന് എതിരുനിന്നില്ല. എന്നാല്‍ കാര്‍ഷിക ബില്ലിന്റെ അന്തഃസത്ത മനസിലാക്കിയ അമരീന്ദര്‍ പ്രധാനമന്ത്രിയെ ശ്ലാഘിച്ച് രംഗത്തെത്തി. സമരം അവസാനിപ്പിക്കാന്‍ അമരീന്ദര്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു. ഇത് സ്വയംപ്രഖ്യാപിത ഭാവി പ്രധാനമന്ത്രിയായ രാഹുലിനെ പ്രകോപിതനാക്കി.

അമരീന്ദര്‍ സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെന്നു മാത്രമല്ല പഞ്ചാബില്‍ സമരം ചെയ്യുന്നവരോട് വേറെ എവിടെയെങ്കിലും പോയി സമരം ചെയ്യാന്‍ നിര്‍ദേശിച്ചു. പഞ്ചാബ് രാഷ്ട്രീയ സമരവേദിയല്ല, മറിച്ച് കര്‍ഷകരുടെ ഭൂമിയാണെന്നാണ് അമരീന്ദര്‍ പറഞ്ഞത്. ഇതോടെ ഏതുവിധേനയും അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റാന്‍ ഹൈക്കമാന്‍ഡ് ശ്രമങ്ങള്‍ ആരംഭിച്ചു. അമരീന്ദറിനോട് രാജിവച്ച് പുറത്തുപോകാന്‍ നിര്‍ദേശിച്ചാല്‍ അദ്ദേഹം അനുസരിക്കില്ലെന്നു മനസിലാക്കി അപമാനിച്ചു പുറത്താക്കാനുള്ള ശ്രമങ്ങള്‍ നെഹ്‌റു കുടുംബത്തിന്റെ അറിവോടെ അണിയറയില്‍ ഒരുങ്ങി. അമരീന്ദര്‍ സിംഗ് അറിയാതെ എംഎല്‍എമാരുടെ യോഗം ഹൈക്കമാന്‍ഡ് സംഘടിപ്പിച്ചു- ഒന്നല്ല, മൂന്നുവട്ടം. ഇതോടെ ഹൃദയം അപമാനഭാരത്താല്‍ നിറഞ്ഞ അമരീന്ദര്‍ തന്റെ മുഖ്യമന്ത്രി സ്ഥാനം ത്യജിക്കാന്‍ തീരുമാനിച്ചു.

ഇന്നലെ മുഖ്യമന്ത്രിപദം രാജിവച്ച അദ്ദേഹം ഇപ്പോഴും പാര്‍ട്ടി അംഗത്വം രാജിവച്ചിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയോട് തനിക്കുള്ള കൂറ് നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ തന്റെ പ്രവര്‍ത്തിയില്‍ പാര്‍ട്ടിയേക്കാള്‍ കൂറ് രാഷ്ട്രത്തോട് കാണിച്ചതാണ് അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി കാണിച്ചത്. അത് മനസിലാക്കിയാണ് അദ്ദേഹം നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ പഞ്ചാബിന്റെ മുഖ്യമന്ത്രിയാകാന്‍ അനുവദിക്കില്ലെന്ന് ആണയിട്ടു പറയുന്നത്. സിദ്ദുവിനെയല്ലാതെ അംബിക സോണിയെയും പ്രതാപ് സിംഗ് ബജ്വയെയുമൊക്കെയാണ് കോണ്‍ഗ്രസുകാര്‍ മുഖ്യന്ത്രിക്കസേരിയിലേക്ക് പരിഗണിക്കുന്നത്. രാഷ്ട്രസ്നേഹിയായ അമരീന്ദറിന്റെ ആവശ്യം സോണിയ അംഗീകരിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. അമരീന്ദറിന് സിദ്ദുവിനോടുള്ള വ്യക്തിവിരോധം മറ്റൊന്നും കൊണ്ടല്ല, പാക്കിസ്ഥാനോടുള്ള ബന്ധങ്ങള്‍ കൊണ്ടാണ്.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും സൈനിക തലവന്‍ ജാവേദ് ബജ്വയുമായും ബന്ധമുള്ളയാളാണ് സിദ്ദുവെന്ന് അമരീന്ദര്‍ നിസംശയം വ്യക്തമാക്കിയിട്ടുള്ളതാണ്. സിദ്ദുവിനുള്ള പാക് ബന്ധത്തിന് നിരവധി തെളിവുകള്‍ അമരീന്ദറിന്റെ കൈയിലുണ്ടായിരിക്കും. ഇന്ത്യയെ ഏതുതരത്തിലും ഉപദ്രവിക്കാന്‍ കച്ചകെട്ടി നില്‍ക്കുന്ന പാക്കിസ്ഥാന് സഹായകമാവുന്ന നിലപാടുകളാണ് സിദ്ദു മിക്കപ്പോഴും കൈക്കൊണ്ടിട്ടുള്ളത്. ഇതിനെ എക്കാലവും നഖശിഖാന്തം എതിര്‍ത്തയാളാണ് അമരീന്ദര്‍.

അമരീന്ദറിന്റെ രാജ്യസ്‌നേഹത്തേക്കാള്‍ സിദ്ദുവിന്റെ പാക് ബന്ധങ്ങള്‍ക്ക് വില കല്‍പിച്ചാണ് അമരീന്ദറിനെ കോണ്‍ഗ്രസ് അപമാനിച്ചുവിടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് ശരിവയ്ക്കുന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലുകളിലൂടെ പുറത്തുവരുന്ന കാര്യങ്ങള്‍. പാര്‍ട്ടി ഫണ്ടിനു വേണ്ടി മാത്രം കണ്ണുവച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരുടെ ഒരു സംഘമായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button