രാജ്യം കാത്തിരുന്ന വാക്‌സിൻ എത്തി, രണ്ടാം ഘട്ടം 30 കോടി പേർക്ക്

ന്യൂഡൽഹി: രാജ്യം കാത്തിരുന്ന വാക്‌സിൻ എത്തി. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ദൗത്യമാണ് രാജ്യത്ത് തുടങ്ങുന്നത്. ലോകത്തിന് ഇന്ത്യ മാതൃകയാണ്. ഒന്നല്ല, രണ്ട് ഇന്ത്യൻ നിർമ്മിത വാക്‌സിനുകളാണ് കുറഞ്ഞ സമയത്തിനുളളിൽ എത്തിയത്. വാക്‌സിൻ എന്നെത്തും എന്ന ചോദ്യത്തിനുളള ഉത്തരമാണ് ഇന്നത്തെ ദിവസം. ഏറെ കാത്തിരുന്ന ചോദ്യത്തിനാണ് ഉത്തരമായത്. ഈ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ, സൈന്യം, പൊലീസ്, ഫയർ ഫോഴ്‌സ് തുടങ്ങിയവരോടെല്ലാം നന്ദി പറയുന്നു. ഇത് ഇന്ത്യയുടെ ശേഷിയുടേയും പ്രതിഭയുടേയും ഉദാഹരണമാണ്. കോവിഡ് വാക്സിൻ കുത്തിവെപ്പ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
വാക്‌സിൻ സുരക്ഷിതമാണ്. ദുഷ്പ്രചരണങ്ങളിൽ വീഴരുത്. വാക്സീൻ വിതരണം രണ്ടാം ഘട്ടത്തിൽ 30 കോടിയിൽ എത്തിക്കും. വാക്സിൻ വിതരണം ആരംഭിച്ചെന്ന് കരുതി പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തരുത്. 2 വാക്സിനുകളും മെയ്ഡ് ഇൻ ഇന്ത്യയാണ്. ഇത് രാജ്യത്തിന്‍റെ മികവിന് ഉദാഹരണമാണ്. രാജ്യത്തെ എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കും.
വാക്സിൻ വിതരണം മുൻഗണന പട്ടിക പ്രകാരമായിരിക്കും നടക്കുക. മുൻഗണന പട്ടികയിൽ സർക്കാർ – സ്വകാര്യ മേഖല എന്ന വേർതിരിവുണ്ടാകില്ലെന്നും മോദി പറഞ്ഞു.
വാക്‌സിന് വേണ്ടി പ്രയത്‌നിച്ച എല്ലാ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ആരോഗ്യപ്രവർത്തകരുടെ വാക്‌സിനേഷൻ ചിലവ് കേന്ദ്രം വഹിക്കും. വാക്‌സിനേഷൻ ഘട്ടത്തിലും ജാഗ്രത കൈവിടരുത്. വിദേശ വാക്‌സിനെക്കാൾ വിലക്കുറവാണ് ഇന്ത്യയുടെ വാക്‌സിന്. കുത്തിവയ്‌പ്പിന് ശേഷം രണ്ടാഴ്‌ച കഴിഞ്ഞേ ഫലം കാണുകയുളളൂ. ഒരു മാസത്തെ ഇടവേളയിൽ രണ്ട് ഡോസുകൾ സ്വീകരിക്കണം. മോദി പറഞ്ഞു.