കേന്ദ്ര സർക്കാർ സ്വന്തം ജനതയെ കൊള്ളയടിക്കുകയാണ്; പാചക വാതക സിലിണ്ടറിന്റെ വിലവർദ്ധനക്കെതിരെ പ്രതികരിച്ച് എം.വി. ശ്രേയാംസ് കുമാർ എംപി

കോഴിക്കോട്: പാചക വാതക സിലിണ്ടറിന് വില അനിയന്ത്രിതമായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ സ്വന്തം ജനതയെ കൊള്ളയടിക്കുകയാണെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ് കുമാർ എംപി ചൂണ്ടിക്കാട്ടി. ഒറ്റ രാത്രികൊണ്ട് സിലിണ്ടറൊന്നിന് 50 രൂപ വർദ്ധിപ്പിച്ചത്. ഇതിലൂടെ ജനജീവിതം അക്ഷരാർത്ഥത്തിൽ ദുസ്സഹമാക്കുകയാണ് മോദി സർക്കാർ എന്ന അദ്ദേഹം പറഞ്ഞു.
പെട്രോൾ, ഡീസൽ വിലയും ക്രമാനുഗതമായി ആകാശംമുട്ടെ ഉയരുകയാണ്. കൊറോണ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ജനങ്ങളെ ഊറ്റിപ്പിഴിയുന്ന പകൽക്കൊള്ളയാണ് രാജ്യത്ത് നടക്കുന്നത്. പാചക വാതക സിലിണ്ടറിന് 728 രൂപ വിലയിട്ട് കുടുംബബജറ്റുകളെ താളം തെറ്റിക്കുന്ന സർക്കാർ നടപടി എണ്ണക്കുത്തകകൾക്ക് മാത്രം സഹായമെത്തിക്കാനാണ്.
പെട്രോളിയം പാചക വാതക വില വർദ്ധനയ്‌ക്കെതിരേ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാനത്ത് വഴിയോരത്ത് അടുപ്പ് കത്തിച്ച് പ്രതിഷേധിക്കും. 2021 ഫെബ്രുവരി 17 ബുധനാഴ്ച വൈകീട്ട് ആറു മണിക്കാണ് പ്രതീകാത്മകമായി 728 കേന്ദ്രങ്ങളിൽ കട്ടൻ ചായ വിതരണം ചെയ്ത് കുടുംബ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതെന്നും ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡണ്ട് അറിയിച്ചു.