ചെന്നിത്തലയിൽ യു.ഡി.എഫ് പിന്തുണയോടെ നേടിയ പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിന് വേണ്ട.

ആലപ്പുഴ / ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ യു.ഡി.എഫ് പിന്തുണയോടെ നേടിയ പ്രസിഡന്റ് സ്ഥാനം സി.പി.എം ഇന്ന് രാജിവെച്ചേക്കും. യു.ഡി.എഫ് പിന്തുണയിൽ കിട്ടിയ പ്രസിഡന്റ് സ്ഥാനം വേണ്ടെന്നു സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്താണ് തൃപ്പെരുന്തുറ. യു.ഡി.എഫ് പിന്തുണയോടെ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചത് വിവാദമായ സാഹചര്യത്തിലാണ് ഈ നടപടി.
എല്‍..ഡി..എഫ് – യുഡിഎഫ് ധാരണ സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമാണ് എന്ന് കാണിച്ചാണ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും ആറും സീറ്റ് വീതവും എൽ.ഡി.എഫ് അഞ്ചും ആണ് ഇവിടെ നേടിയത്. ബി.ജെ.പിയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താനാണ് എൽ.ഡി.എഫിന് യു.ഡി.എഫ് പിന്തുണ നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിത സംവരണം ആയിരുന്നതിനാൽ,വിജയിച്ച അംഗങ്ങളിൽ പട്ടിക ജാതി വനിത ഇല്ലാതിരുന്നതിനെ തുടർന്ന് സി.പി.എമ്മിനെ പിന്തുണയ്ക്കാൻ യു.ഡി.എഫ് തീരുമാനിക്കുകയും, സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രനാണ് പഞ്ചായത്ത് പ്രസിഡന്റ് ആവുകയുമായിരുന്നു. വൈസ് പ്രസിഡന്റു സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ രവികുമാറിനെ എല്‍.ഡി.എഫിലെ ഒരംഗം പിന്തുണച്ചിരുന്നു. അതേ സമയം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്ന കാര്യം കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ല.