Kerala NewsLatest NewsNews

കോണ്‍ഗ്രസില്‍ നിന്ന് കിട്ടാത്ത രാജ്യസഭാ സീറ്റ് ചാക്കോയ്ക്ക് നല്‍കാന്‍ പിണറായി, എന്‍സിപി മത്സരിക്കും

തിരുവനന്തപുരം; സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുളള തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെ ഒരു സീറ്റില്‍ അവകാശവാദമുന്നയിക്കാന്‍ എന്‍ സി പി നീക്കം. കോണ്‍ഗ്രസ് വിട്ടുവന്ന മുതിര്‍ന്ന നേതാവ് പി സി ചാക്കോയ്ക്ക് വേണ്ടിയാകും എന്‍ സി പി സീറ്റ് ചോദിക്കുക. പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ ഫോണിലൂടെ മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് വിവരം.

കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച പി.സി ചാക്കോ കഴിഞ്ഞദിവസമാണ് എന്‍ സി പിയില്‍ ചേര്‍ന്നത്. ഇതിന് തൊട്ടു മുമ്ബ് അദ്ദേഹം സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചിരുന്നു. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടന്നില്ലെങ്കിലും സി പി എം ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പിക്കുകയായിരുന്നു ചാക്കോയുടെ ലക്ഷ്യം.

ഇന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്ന ചാക്കോയ്ക്ക് എന്‍ സി പി വമ്ബന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.നാളെ കോങ്ങാട് മണ്ഡലത്തില്‍ മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹം വേദി പങ്കിടും.ശേഷം 14 ജില്ലകളിലും എല്‍ ഡി ഫിനു വേണ്ടി ചാക്കോ പ്രചാരണത്തിനിറങ്ങും.

പാലായ്ക്ക് പകരം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് മാണി സി കാപ്പന് നല്‍കുമെന്ന് നേരത്തെ സി പി എമ്മും എന്‍ സി പിയും തമ്മില്‍ ധാരണയുണ്ടായിരുന്നു.എന്നാല്‍ കാപ്പന്‍ പാലായ്ക്ക് വേണ്ടി ഉറച്ചുനിന്ന് യു ഡി ഫുമായി അനൗദ്യോഗിക ചര്‍ച്ച നടത്തിയതോടെ രാജ്യസഭാ സീറ്റ് നല്‍കില്ലെന്ന് പിണറായി പ്രഫുല്‍ പട്ടേലിനെ അറിയിക്കുകയായിരുന്നു. ചാക്കോയെ പോലൊരു ഉന്നത നേതാവ് വന്ന സാഹചര്യത്തില്‍ രാജ്യസഭാ സീറ്റില്‍ നിന്ന് പിന്നോട്ട് പോകേണ്ടയെന്നാണ് എന്‍ സി പി നിലപാട്. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന സമയത്ത് പലതവണ രാജ്യസഭാ സീറ്റിനായി ചാക്കോ ശ്രമം നടത്തിയിരുന്നെങ്കിലും കിട്ടിയിരുന്നില്ല.

വയലാര്‍ രവി, പി വി അബ്‌ദുള്‍ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച്‌ എല്‍ ഡി എഫിന് രണ്ടു സീറ്റും യു ഡി എഫിന് ഒരു സീറ്റുമാണ് വിജയിക്കാനാവുക. ഇതില്‍ പി വി അബ്ദുള്‍ വഹാബിനെ തന്നെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് യു.ഡി.എഫ് തിരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button