ബന്ധുനിയമനം ജന്മാവകാശമാക്കി സിപിഎം
കോഴിക്കോട്: ബന്ധുനിയമനം ജന്മാവകാശമാക്കി മാറ്റിയിരിക്കുകയാണ് സിപിഎം. കൊയിലാണ്ടി കൊല്ലം പിഷാരികാവ് ദേവസ്വം എല്‍പി സ്‌കൂളിലാണ് ബന്ധുനിയമനത്തിനുള്ള ശ്രമം വിവാദമായിരിക്കുന്നത്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ അംഗമായ മുന്‍ കൗണ്‍സിലര്‍ തന്റെ ബന്ധുവിനെ എല്ലാ ചട്ടങ്ങളും മാറ്റിവച്ച് നിയമിക്കാന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സിപിഎം നേതാവും പിഷാരിക്കാവ് ദേവസ്വത്തിലെ ഗവ. നോമിനിയുമായ വ്യക്തിയുടെ ഭാര്യയുടെ സഹോദരിക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ആനക്കുളം ലോക്കലിലെ നാല്‍പതോളം പ്രവര്‍ത്തകരും നേതാക്കളും രാജിക്ക് ഒരുങ്ങിയതോടെ സിപിഎം പ്രതിസന്ധിയിലായി. സ്‌കൂളില്‍ രണ്ട് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അതിലേക്ക് പാര്‍ട്ടി നിര്‍ദേശിച്ചവരെ മറികടന്ന് ദേവസ്വത്തിലെ ഗവ. നോമിനി ബന്ധുവിന് നിയമനം നല്‍കാന്‍ നീക്കം നടത്തിയതെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അധ്യാപക നിയമനത്തിനായി നടന്ന ഇന്റര്‍വ്യൂ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നടത്തിയതെന്നും പരാതിയുണ്ട്. ഒരു കാലത്ത് സിപിഎം കൊയിലാണ്ടി ഏരിയയില്‍ വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കുകയും പാര്‍ട്ടി നടപടിക്ക് വിധേയനാവുകയും ചെയ്ത ഡിവൈഎഫ്ഐ നേതാവാണ് പാര്‍ട്ടി തീരുമാനം കാറ്റില്‍പറത്തി ബന്ധുനിയമനത്തിന് മുതിര്‍ന്നതെന്നാണ് പ്രവര്‍ത്തകരുടെ പരാതി.
നാല് ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും 34 ഓളം പാര്‍ട്ടിയംഗങ്ങളുമാണ് സംഭവത്തില്‍ പ്രതിഷേധിച്ച് രാജിക്കൊരുങ്ങിയത്. ഇടതുപക്ഷ അധ്യാപക സംഘടന നേതൃത്വവും ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധം പാര്‍ട്ടിയെ അറിയിച്ചു. ഇയാളെ സംരക്ഷിക്കുന്നത് പൊതുജന മധ്യത്തില്‍ പാര്‍ട്ടിയെ ദോഷമായി ബാധിക്കുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. താത്ക്കാലികമായി രണ്ടു വര്‍ഷമായി സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപികമാരെ ഒഴിവാക്കിയാണ് സ്വന്തക്കാരെ നിയമിച്ചത്.
കഴിഞ്ഞ അധ്യാപക നിയമനത്തില്‍ നടന്ന അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിഷാരിക്കാവ് ദേവസ്വം പാരമ്പര്യ ട്രസ്റ്റി നല്‍കിയ പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും നിയമന വിവാദം ഉണ്ടായത്. പ്രശ്നം തലവേദനയായതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ആനക്കുളം ലോക്കല്‍ കമ്മിറ്റി യോഗത്തിലും കൊല്ലം ലോക്കല്‍ കമ്മിറ്റി യോഗത്തിലും കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും രാജി ഭീഷണി മുഴക്കുകയും ചെയ്തു.
മുന്‍ എംഎല്‍എ കെ. ദാസനും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഏരിയ സെക്രട്ടറി ടി.കെ. ചന്ദ്രനും പങ്കെടുത്ത യോഗത്തിലാണ് പ്രതിഷേധം ഉയര്‍ന്നത്. കൊയിലാണ്ടി നഗരസഭ മുന്‍ വൈസ് ചെയര്‍മാനും സിഐടിയു നേതാവുമായ ടി.കെ. ചന്ദ്രന്‍ ഏരിയാസെക്രട്ടറിയായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് ബന്ധുനിയമന വിവാദം ഉടലെടുത്തത്. പ്രശ്നം രൂക്ഷമായതോടെ സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തര സബ് കമ്മിറ്റി വിളിച്ചു ചേര്‍ക്കുകയും നിയമന തീരുമാനം പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.