സിപിഎം യുവനേതാവ് കുഴഞ്ഞുവീണ് മരിച്ചു
തൃപ്പൂണിത്തുറ: സിപിഎം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗവും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.ടി. സൈഗാള്‍ (45) അന്തരിച്ചു. വീടിനുള്ളില്‍ കുഴഞ്ഞുവീണാണ് മരണം. ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗമാണ്. ഇരുമ്പനം കാവരപറമ്പില്‍ പരേതനായ കെ.വി. തങ്കപ്പന്റെയും അമ്മിണിയുടെയും മകനാണ്.
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏതാനും ദിവസം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ ശുചിമുറിയില്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിപിഎം ഇരുമ്പനം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പീപ്പിള്‍സ് സഹകരണ ബാങ്ക് വൈസ് ചെയര്‍മാനും വിവിധ തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിയുമായിരുന്നു സൈഗാള്‍. വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. നിലവില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയാണ്. ഭാര്യ: സൗമ്യ, മക്കള്‍: അനുപം, ഹാശ്മി. സഹോദരങ്ങള്‍: കെ.ടി. സുരേഷ്, ദിനജ. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തൃപ്പൂണിത്തുറ ശ്മശാനത്തില്‍.