സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു, യു ഡി എഫ് നേതാക്കൾ ഗവർണറെ കണ്ടു,തീപ്പിടുത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

സെക്രട്ടേറിയറ്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സെക്രട്ടറിയറ്റിനു മുന്നിലുള്ള സമരം തുടരുകയാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് സംഭവവുമായി ബന്ധപെട്ടു യു ഡി എഫ് നേതാക്കൾ ഗവർണറെ കണ്ടിട്ടുണ്ട്. സംസ്ഥാനത്തെ അഴിമതിയെ പറ്റി ഗവർണറുമായി യു ഡി എഫ് നേതാക്കൾ ദീർഘ നേരം സംസാരിക്കുകയുണ്ടായി. സംഭവത്തിൽ ഗവർണർ അടിയന്തരമായി ഇടപെടണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിശദമായ പരാതി ബുധനാഴ്ച പ്രതിപക്ഷനേതാവ് നൽകുന്നുണ്ട്. ഭരണത്തലവനായ ഗവർണർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രമേശ് ചെന്നിത്തല പിന്നീട് മാധ്യങ്ങളോട് പറഞ്ഞു.

സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തെളിവുകൾ നശിപ്പിച്ച് കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല അരോപിച്ചു. അതുകൊണ്ട് തീപ്പിടുത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തീപിടുത്തം സംബന്ധിച്ചു ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എ. കൗശിഗൻ അന്വേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചും സംഭവം അന്വേഷിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്.
ഇതിനിടെ സെക്രട്ടേറിയറ്റിനു മുന്നിൽ വീണ്ടും സംഘര്‍ഷമുണ്ടായി. സെക്രട്ടേറിയറ്റിലേക്കു തള്ളിക്കയറാൻ യുത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിക്കുകയുണ്ടായി. സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിനിടെ സര്‍ക്കാര്‍ പരസ്യങ്ങളടങ്ങിയ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടു. ഇതിനിടെയാണ് സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത്.
സെക്രട്ടേറിയറ്റിന്റെ സുരക്ഷ കേന്ദ്രസേനയെ ഏൽപിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്. ബുധനാഴ്ച സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധദിനം ആചരിക്കും. യു ഡി എഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ കത്തിച്ചതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പറഞ്ഞു. തീപിടിച്ച സംഭവസ്ഥലം സന്ദർശിച്ച സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൻമാരെ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം ഒരു പ്രകോപനവുമില്ലാതെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു വെന്നും, കേരളത്തിൽ നടക്കുന്ന ഭരണകൂട ഭീകരതയാണെന്നും ജോർജ് കുര്യൻ പറഞ്ഞു.