കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിവാഹം: പുലിവാല് പിടിച്ച് ഗുരുവായൂര്‍ ദേവസ്വവും രവി പിള്ളയും
ഗുരുവായൂര്‍: പ്രവാസി വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് കോവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍പ്പറത്തി ദേവസ്വം അധികൃതരുടെ ഒത്താശ. മാത്രമല്ല ഇന്ത്യന്‍ പ്രസിഡന്റോ പ്രധാനമന്ത്രിയോ വന്നാല്‍ പോലും ഒരുക്കാത്ത സുരക്ഷയാണ് രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഒരുക്കിയത്. ഇത് പ്രോട്ടോക്കോള്‍ ലംഘനം പുറത്തറിയാതിരിക്കാനുള്ള കരുതലായി വേണം കണക്കാക്കാന്‍.
സാധാരണക്കാരന്റെ വിവാഹത്തിന് 12 പേരിലധികമായാല്‍ ക്രിമിനല്‍ കുറ്റം ചാര്‍ത്തി കേസെടുക്കാറുള്ള പോലീസ് രവി പിള്ളയുടെ മകന്റെ കല്യാണം കണ്ടില്ലെന്നു നടിച്ചിരിക്കുകയാണ്. കേരള ഹൈക്കോടതി ഈ ഗുരുതര പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
രവി പിള്ളയുടെ മകന്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചത് എന്ത് സാഹചര്യത്തിലാണെന്നും ഭരണസമിതി ഇതിന് അനുമതി നല്‍കിയത് ഏതടിസ്ഥാനത്തിലാണെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരിക്കണമെന്നാണ് ഹൈക്കോടതി ചോദിച്ചിരിക്കുന്നത്. തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണം.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണോ വിവാഹങ്ങള്‍ നടക്കുന്നതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നടപ്പന്തലിലെ കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളും കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നേരത്തെ നീക്കിയിരുന്നു. എന്നാല്‍ മറ്റ് അലങ്കാരങ്ങള്‍ ഒന്നും മാറ്റിയിട്ടില്ല. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് കോടതി സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ തന്റെ പിടിപാടെന്തെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് രവി പിള്ള വിവാഹം ആഘോഷമാക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ മുതിര്‍ന്ന മിക്ക നേതാക്കളുടെയും മക്കള്‍ക്ക് രവി പിള്ളയുടെ വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കിയിട്ടുണ്ട്. ചിലര്‍ വിട്ടുപോയെങ്കിലും പലരും ഇപ്പോള്‍ ജോലിയില്‍ തുടരുന്നുണ്ട്. അനര്‍ഹരായവര്‍ക്കുപോലും ഉന്നതശമ്പളം നല്‍കിയാണ് രവി പിള്ള സിപിഎം നേതാക്കളുടെ മക്കളെ ജോലിക്കെടുത്തിരുന്നത്.
പാര്‍ട്ടി നേതാക്കളുടെ മക്കളോട് രവി പിള്ള കാണിച്ച സൗമനസിന്റെ ബാക്കി പത്രമാണ് കോവിഡ് പ്രോട്ടോക്കോളിന് പുല്ലുവില കല്‍പിച്ചും വിവാഹം നടത്താന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ദര്‍ശനത്തിനെത്തിയവരെയടക്കം നടപന്തലിലേക്കു പോലും കയറ്റി വിടുന്നുണ്ടായിരുന്നില്ല. മാധ്യമപ്രവര്‍ത്തകരോടും സെക്യൂരിറ്റിക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.
മാധ്യമപ്രവര്‍ത്തകരോട് തെക്കേ നടയില്‍ പോയി രജിസ്റ്റര്‍ ചെയ്യാനായിരുന്നു സെക്യൂരിറ്റിക്കാരുടെ നിര്‍ദേശം. എത്ര പേര്‍ കല്യാണത്തിനെത്തിയെന്നും ആരൊക്കെയായിരുന്നു മുഖ്യാഥിതികളെന്നും ആര്‍ക്കും അറിയാന്‍ പറ്റിയിട്ടില്ല. മൊബൈല്‍ ഫോണില്‍ ക്ഷേത്രപരിസരത്ത് ഫോട്ടോ എടുക്കാന്‍ പോലും ദര്‍ശനത്തിനെത്തിയവരെ അനുവദിക്കുന്നുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.