നുണയുടെ അണ പൊളിയുന്നു; മുല്ലപ്പെരിയാറില്‍ പിടിച്ചുനില്‍ക്കാനാവാതെ പിണറായി സര്‍ക്കാര്‍
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് പിണറായി സര്‍ക്കാര്‍ കേരളത്തിനു മുന്നില്‍ നടത്തിയ നുണ പ്രസ്താവനകളെല്ലാം പൊളിയുന്നു. മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരം മുറിക്കുന്നതിനുള്ള അനുമതി നല്‍കാന്‍ സെപ്റ്റംബര്‍ 17ന് ചേര്‍ന്ന സെക്രട്ടറി തല യോഗത്തില്‍ തീരുമാനമായിരുന്നതായി കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഒക്ടോബര്‍ 27ന് സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് കോടതിക്ക് കൈമാറിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ മരംമുറിയില്‍ ഫയല്‍ ഇല്ലെന്ന സര്‍ക്കാര്‍ വാദം നേരത്തെ പൊളിഞ്ഞിരുന്നു. മരംമുറി നടപടികള്‍ മാസങ്ങള്‍ക്ക് മുമ്പേതന്നെ ജലവിഭവ വകുപ്പ് അറിഞ്ഞിരുവെന്നതിന് തെളിവുകള്‍ പുറത്തുവന്നു. മെയ് 23ന് ഇതുമായി ബന്ധപ്പെട്ട ഫയല്‍ ജലവിഭവ വകുപ്പില്‍ എത്തിയിരുന്നുവെന്നാണ് സര്‍ക്കാരിന്റെ ഇ-ഫയല്‍ രേഖകളില്‍ വ്യക്തമാകുന്നത്.
ഉന്നതതല ഗൂഢാലോചന ഇതില്‍ നടന്നുവെന്നു വേണം മനസിലാക്കാന്‍. മുഖ്യമന്ത്രി ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ബേബി ഡാം ശക്തമാക്കുന്നതിന് ചില മരങ്ങള്‍ മുറിക്കാനും, നിര്‍മ്മാണ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനുമുള്ള അനുമതി നല്‍കാനും സെപ്റ്റംബര്‍ 17ന് ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ തീരുമാനം ആയിരുന്നതായാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചത്. മരം മുറിക്കുന്നതിന് അനുമതി നല്‍കാന്‍ കൃത്യമായ ഫോര്‍മാറ്റില്‍ അപേക്ഷ നല്‍കാന്‍ തമിഴ്നാടിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തമിഴ്നാട് ഇതുവരെയും കൃത്യമായ ഫോര്‍മാറ്റില്‍ അപേക്ഷ നല്‍കിയിട്ടില്ല എന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മരം മുറിയുമായി ബന്ധപ്പെട്ട് അനുമതി നല്‍കിയിട്ടില്ലെന്ന വാദത്തില്‍ സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും ഉറച്ചു നില്‍ക്കുമ്പോഴാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതിന്റെ രേഖകള്‍ പുറത്തു വന്നിരിക്കുന്നത്. മരം മുറിക്കാന്‍ ഒരു യോഗത്തിലും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത്. സെപ്റ്റംബര്‍ 17ന് കേരളവും തമിഴ്നാടും തമ്മില്‍ ചേര്‍ന്ന യോഗത്തില്‍ മരം മുറിക്കാന്‍ തീരുമാനിച്ചിട്ടില്ല. വിഷയം പരിഗണനയിലാണെന്നാണ് പറഞ്ഞത്. നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നിട്ടില്ലെന്നും മന്ത്രി ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന രേഖകളില്‍ സെപ്റ്റംബര്‍ 17ന് ചേര്‍ന്ന യോഗത്തില്‍ തന്നെ തമിഴ്നാടിന് മരം മുറിക്കാനുള്ള അനുമതി നല്‍കിയിരുന്നു എന്നാണ് വ്യക്തമാക്കുന്നത്.
മരംമുറി ഉത്തരവിറങ്ങിയത് കേരളവും തമിഴ്നാടും ചേര്‍ന്ന് നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ പുറത്തു വന്നിരുന്നു. തമിഴിനാടിന് ടി.കെ.ജോസ് നല്‍കിയ മിനിട്സിലായിരുന്നു മരംമുറിക്ക് അനുമതി നല്‍കുന്നത് പരിഗണനയിലാണെന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നത്.
തമിഴ്നാടും കേരളവുമായി നടത്തിയ ചര്‍ച്ചയുടെ മിനിട്സില്‍ ഇത് വ്യക്തമായിരുന്നു. ഒക്ടോബര്‍ 17ന് അന്തര്‍സംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട യോഗവും നടന്നു. ഈ യോഗങ്ങളുടെ അടിസ്ഥാനത്തിലാണ് വകുപ്പുകള്‍ തമ്മില്‍ ധാരണയിലെത്തി 15 മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിറക്കിയതെന്ന് ബെന്നിച്ചന്‍ തോമസ് വനംമന്ത്രിക്ക് നല്‍കിയ വിശീദകരണത്തിലും വ്യക്തമാക്കിയിരുന്നു.