കോവിഡ് മഹാമാരി കവർന്ന മനുഷ്യ ജീവനുകളുടെ എണ്ണം ഇന്ത്യയിൽ 36,511ലെത്തി. 24 മണിക്കൂറിൽ അരലക്ഷത്തിലേറെപേർക്ക് രോഗബാധ.

കോവിഡ് മഹാമാരി കവർന്ന മനുഷ്യ ജീവനുകളുടെ എണ്ണം ഇന്ത്യയിൽ 36,511ലെത്തി. വെള്ളിയാഴ്ച 764 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടത്. രോഗബാധിതരുടെ പ്രതിദിന വർധനയിൽ ശനിയാഴ്ചയും പുതിയ റെക്കോഡ് ആണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 57,118 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 16,95,988 ആയി കുതിച്ചുയർന്നിരിക്കുകയാണ്.
രാജ്യത്ത് ഇതുവരെ 10.94 ലക്ഷം പേർ രോഗമുക്തി നേടിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. 5,65,103 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. നാലു ദിവസം കൊണ്ട് രണ്ടു ലക്ഷത്തോളം കേസുകൾ ആണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപനത്തിന് ഇനിയും വേഗമേറുമെന്ന ആശങ്കക്കിടയിൽ, മൂന്നാം ദിവസവും പതിനായിരത്തിലേറെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ട് ആന്ധ്രപ്രദേശ് വൻ വെല്ലുവിളി ഉയർത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്രയെക്കാൾ കൂടുതൽ പുതിയ രോഗികളെയാണ് ആന്ധ്ര കണ്ടെത്തിയിരിക്കുന്നത്. ആന്ധ്രയിൽ 10,376 പുതിയ കേസുകളാണ് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 10,320. ആന്ധ്രയിലെ മൊത്തം വൈറസ്ബാധിതർ 1,40,933 ആയി. 75,000ൽ ഏറെ ആക്റ്റിവ് കേസുകളുണ്ട്. 68 പേർ കൂടി സംസ്ഥാനത്ത് വെള്ളിയാഴ്ച മരിച്ചു. ഇതോടെ മരണസംഖ്യ 1,349 ആയി.

രോഗ ബാധയിൽ ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 4.22 ലക്ഷമായി. 265 പേരുടെ മരണം കൂടി രേഖപ്പെടുത്തിയതോടെ മഹാരാഷ്ട്രയിലെ മൊത്തം കൊവിഡ് മരണം 14,994 ആയി. 2.56 ലക്ഷം പേർ സംസ്ഥാനത്ത് രോഗമുക്തരായി. റിക്കവറി നിരക്ക് 60.68 ശതമാനം. സംസ്ഥാനത്തെ മരണനിരക്ക് 3.55 ശതമാനമാണ്. തമിഴ്നാട്ടിൽ 2,45,849 രോഗബാധിതരാണുള്ളത്. 1.83 ലക്ഷം പേർ രോഗമുക്തരായി. ഇതുവരെയുള്ള മരണം 3,935. ഡൽഹിയിലെ രോഗബാധിതർ 1,35,598. ഇതിൽ 1,20,930 പേരും രോഗമുക്തരായിട്ടുണ്ട്. 3963 പേർ ഇതുവരെ ഡൽഹിയിൽ കൊവിഡ് ബാധിച്ചു മരിച്ചു. രോഗബാധ കൂടുതൽ ഭീഷണി ഉയർത്തുന്ന മറ്റൊരു സംസ്ഥാനം കർണാടകയിൽ 1.24 ലക്ഷമാണ് വൈറസ്ബാധിതർ. 49,788 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 2314 പേർ സംസ്ഥാനത്തു മരിച്ചു. ഉത്തർപ്രദേശിൽ രോഗബാധിതർ 85,000 കവിഞ്ഞു. പശ്ചിമ ബംഗാളിൽ 70,000 ൽ എത്തി.
പശ്ചിമ ബംഗാളിൽ പ്രതിദിന വർധനയിൽ റെക്കോഡാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 2,496 കേസുകൾ സ്ഥിരീകരിക്കപ്പെട്ടു. ഇതോടെ മൊത്തം രോഗബാധിതർ 70,188 ആയി. 45 പേർ കൂടി സംസ്ഥാനത്തു മരണപെട്ടു. പശ്ചിമ ബംഗാളിലെ മൊത്തം കൊവിഡ് മരണം 1,581 ആണ് . കോൽക്കത്തയിലെ ഒരു പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് എസ്ഐ കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചു മരിച്ച പൊലീസുകാരുടെ എണ്ണം ഏഴായി. വെള്ളിയാഴ്ച നഗരത്തിലെ ഒരു സീനിയർ ഡോക്റ്ററും കൊവിഡ് ബാധിച്ചു മരണപ്പെട്ടിട്ടുണ്ട്.