കൂത്തുപറമ്പില്‍ കോവിഡ് ബാധിച്ച വൃദ്ധയെ സംസ്‌കരിച്ചു, കുടുംബത്തിലെ 21 പേര്‍ക്ക് കോവിഡ്
കൂത്തുപറമ്പ നഗരസഭയ്ക്കടുത്ത് മാങ്ങാട്ടിടം പഞ്ചായത്തില്‍ ഒരു കുടുംബത്തിലെ 21 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകരെ ഞെട്ടിച്ചു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ പഞ്ചായത്തിലെ മുപ്പതിലധികം പേര്‍ക്ക് രോഗം കണ്ടെത്തി.
പ്രദേശത്ത് കോവിഡ് ബാധിതയായി മരിച്ച വൃദ്ധയുടെ മൃതദേഹം പ്രോട്ടോകോള്‍ പാലിക്കാതെ സംസ്‌കാരം നടത്തിയതുമായി ബന്ധപ്പെട്ടാണ് രോഗവ്യാപനം വര്‍ധിച്ചതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. കണ്ടേരിയില്‍ കോവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം വീട്ടുകാര്‍ ആരോഗ്യ പ്രവര്‍ത്തകരെയോ പൊലീസിനെയോ പഞ്ചായത്തിലോ അറിയിക്കാതെ സംസ്‌കരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ പരാതി പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
വാര്‍ധക്യ സഹജമായ രോഗം കാരണം കഴിഞ്ഞ 11ന് കൂത്തുപറമ്ബിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ നടത്തിയ പരിശോധനയില്‍ വൃദ്ധയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം അധികൃതരെ അറിയിക്കാതെ രോഗിയുമായി വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ ഇവര്‍ 12ന് മരിച്ചു. മരണശേഷവും കോവിഡ് ബാധിച്ചാണ് മരിച്ചത് എന്ന വിവരം നാട്ടുകാരെയോ അധികൃതരെയോ അറിയിക്കാതെ ചടങ്ങുകള്‍ നടത്തി സംസ്‌കരിക്കുകയായിരുന്നു.
സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷമാണ് ജില്ലാ സെന്റര്‍ വഴി ആരോഗ്യ വകുപ്പിന് കോവിഡ് ബാധിതയുടെ വിവരങ്ങള്‍ ലഭിക്കുന്നത്. ഉടന്‍ തന്നെ ചടങ്ങില്‍ പങ്കെടുത്തവരെ മുഴുവന്‍ നിരീക്ഷണത്തിലേക്ക് അധികൃതര്‍ മാറ്റിയിരുന്നു. അതില്‍ 75പേരെ കഴിഞ്ഞ ദിവസം കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ 34 പേര്‍ക്ക് പോസിറ്റീവാണെന്ന് കണ്ടെത്തി.
ഇവരില്‍ 32 പേരും കണ്ടേരി വാര്‍ഡിലുള്ളവരാണ്. രണ്ടുപേര്‍ വട്ടിപ്രം വാര്‍ഡിലുള്ളവരും. കൂടാതെ പോസിറ്റീവ് ആയ 34പേരില്‍ 21 പേര്‍ ഒരു കുടുംബത്തിലുള്ളവരാണ്. ഈ സാഹചര്യത്തില്‍ രണ്ടാം വാര്‍ഡായ കണ്ടേരി മുഴുവനായും കൂത്തുപറമ്ബ് പൊലീസ് അടച്ചിട്ടു.പഞ്ചായത്ത് പരിധിക്കുള്ളില്‍ പൊലീസിന്റെ ശക്തമായ പരിശോധനയും നടക്കുന്നുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കൂത്തുപറമ്ബ്‌പോ ലീസ് ഇന്‍സ്പെക്ടര്‍ എന്‍. സുനില്‍കുമാര്‍ അറിയിച്ചു.
ഇന്നു മുതല്‍ പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ കടകളും ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഗംഗാധരന്‍ അറിയിച്ചു. കടകള്‍ക്ക് ഉച്ചവരെ തുറക്കാമെങ്കിലും വോളണ്ടിയര്‍മാര്‍ മുഖേന മാത്രമേ വില്‍പന ഉണ്ടാവുകയുള്ളൂ. പഞ്ചായത്തിലെ 2,4,7,10 തുടങ്ങിയ വാര്‍ഡുകളിലും കോവിഡ് രോഗികളുടെ എണ്ണം കൂടുതലാണ്.പഞ്ചായത്തില്‍ 368 പേര്‍ കോവിഡ് ചികിത്സയിലുണ്ട്. കുത്തുപറമ്ബ് നഗരസഭയ്ക്ക് തൊട്ടടുത്തുള്ള ഗ്രാമ പഞ്ചായത്താണ് മാങ്ങാട്ടിടം.