സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു;മഴ ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നതാണ് കാലവര്‍ഷം ശക്തിപ്പെടാൻ കാരണമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. കാലവർഷം ശക്തി പ്രാപിച്ചതോടെ വ്യാപകമായി കെടുതികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാർഷിക വിളകൾക്കും വീടുകൾക്കും നാശം സംഭവിക്കുന്നതിനൊപ്പം വൈദ്യുതി ലൈൻ പൊട്ടിവീണ് വൈദ്യുത തടസ്സവും റിപ്പോർട്ട് ചെയ്യുന്നു. മഴ കനക്കുന്നതിനാൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഞായറാഴ്ച്ച റെഡ് അലേര്‍ട്ട് പ്രഖ്യപിച്ചിരിക്കുകയാണ്. ഈ ജില്ലകളിൽ അതിതീവ്രമഴയ്ക്കാണ് സാധ്യതയുള്ളത്. മലയോര മേഖലകളിൽ രാത്രിയാത്രയ്ക്കും നിരോധനമുണ്ട്.സംസ്ഥാനത്തെ എട്ട് ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. മഴ കനത്തത്തോടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങിൽ വ്യാപകമായ തോതിൽ മഴക്കെടുതിയും റിപ്പോർട്ട് ചെയ്യന്നു
ണ്ട്.കൃഷിക്കും വീടുകള്‍ക്ക് വലിയ തോതിൽ നാശനഷ്ടവും സംഭവിച്ചു. മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിൽ ജാഗ്രത മുന്നറിയിപ്പ് നൽകി. ഇരിട്ടി പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പുഴയോരത്തുള്ളവരോട് മാറി താമസിക്കാൻ നിർദ്ദേശം നൽകി. പാലക്കാട് ജില്ലകളിൽ മലയോര പ്രദേശങ്ങളിൽ ഉള്ളവരോട് ബന്ധുവീടുകളിലേക്കു മാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗവ്യാപനവും സ്ഥിതി ആശങ്കയിലാക്കുന്നുണ്ട്. ഇടുക്കി ജില്ലയിൽ ലോവർ പെരിയാർ, കുണ്ടള ഡാമുകൾ തുറന്നതായി റിപ്പോർട്ടുണ്ട്. വയനാട്ടിലെ ബാണാസുരസാഗർ ഡാം വൈകിട്ടോടെ തുറക്കും.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉള്‍പ്പെടെ മുന്നിൽക്കണ്ട് തയ്യാറെടുപ്പുകള്‍ നടത്താനാണ് പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി നിര്‍ദേശിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലിൽ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴ കനത്തതോടെ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു.
നെയ്യാർ അണക്കെട്ടിന്റെ നാല് ഷട്ടറുകളും അരുവിക്കര അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും ഉയർത്തി. മലമ്പുഴ പോത്തുണ്ടി അണക്കെട്ടുകൾ തുറന്നു.ഇടുക്കിയിൽ സംഭരണ ശേഷിയുടെ 80 ശതമാനത്തോളം വെള്ളം നിറഞ്ഞു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 125 അടിയായി. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയരുകയാണ്.13 അടി കൂടി ഉയർന്നാൽ ചെറുതോണി അണക്കെട്ട് തുറക്കേണ്ടിവരും. നിലവിൽ മലങ്കര അണക്കെട്ടിന്റെ 5ഷട്ടറുകൾ 10സെന്റീ മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. കുണ്ടള അണക്കെട്ട് തുറന്ന് മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് വെള്ളം ഒഴുക്കുന്നുണ്ട്.മഴ ഇനിയും ശക്തമായാൽ കല്ലാർകുട്ടി, ഹെഡ്‍വർക്സ്, മാട്ടുപ്പെട്ടി തുടങ്ങിയ ചെറുഡാമുകളും തുറക്കേണ്ടി വരും. നിലവിൽ കാഞ്ഞിരപ്പുഴ , മംഗലം ഡാമുകളുടെ ഷട്ടർ ഉയർത്തിയിട്ടുണ്ട്. അട്ടപ്പാടിയിലെ ഭവാനിപ്പുഴയിലും ജലനിരപ്പുയർന്നിട്ടുണ്ട്. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.