2021 ഫെബ്രുവരി വരെ പാക്കിസ്ഥാൻ ഗ്രേ പട്ടികയിൽ തുടരുമെന്ന് എഫ്എടിഎഫ്.

ന്യൂഡൽഹി/ ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് തടയുന്നതിനുള്ള രാജ്യാന്തര സംഘടനയായ എഫ്എടിഎഫിന്റെ ഗ്രേ പട്ടികയിൽ 2021 ഫെബ്രുവരി വരെ പാക്കിസ്ഥാൻ തുടരുമെന്ന് എഫ്എടിഎഫ്. എഫ്എടിഎഫ് നൽകിയ 27 നിർദേശങ്ങളിൽ 21 എണ്ണം പാക്കിസ്ഥാൻ പൂർത്തീകരിച്ചിട്ടുള്ളത്. ആറെണ്ണം പാലിക്കാൻ പാക്കിസ്ഥാൻ ഉപേക്ഷ വരുത്തിയ സാഹചര്യത്തിലാണ് പട്ടികയിൽ തുടരുന്നതെന്ന് എഫ്എടിഎഫ് അറിയിച്ചു. 27 നിർദേശങ്ങളിൽ 21 എണ്ണം പാക്കിസ്ഥാൻ പൂർത്തീകരിച്ചിരിക്കുന്നത് ലോകം അത്രത്തോളം സുരക്ഷിതമായെന്നാണ് അർത്ഥമാക്കുതെന്നാണ് എഫ്എടിഎഫ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ആറു കാര്യങ്ങൾ കൂടി പാകിസ്ഥാൻ അഴിച്ചുപണിയണം. അവരുടെ പോരായ്മകൾ പരിഹരിച്ച് പുരോഗതിയിലേക്ക് എത്താൻ അവസരം നൽകുകയാണ്. അത് പരിഹരിച്ചില്ലെങ്കിൽ രാജ്യം കരിമ്പട്ടികയിലേക്കു തള്ളപ്പെടും എന്നും, എഫ്എടിഎഫ് പറഞ്ഞിട്ടുണ്ട്.
ലോകം ഭീകരായി പ്രഖ്യാപിച്ചിട്ടുള്ള മസൂദ് അസർ, ഹാഫിസ് സയീദ്, സാഖിയൂർ റഹ്മാൻ ലഖ്‌വി എന്നിവർക്കെതിരെ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയതും, നാലായിരത്തോളം പേരെ ഭീകരരുടെ പട്ടികയിൽ നിന്നൊഴിവാക്കിയത് ഉൾപ്പടെ ആറു നിർദേശങ്ങളാണ് പാകിസ്ഥാൻ മാനിക്കാതിരുന്നത്. ഗ്രേ പട്ടികയിൽ തുടരുന്ന സാഹചര്യത്തിൽ ലോകബാങ്ക്, ഐഎംഎഫ്, എഡിബി എന്നിവയുടെ സാമ്പത്തിക ഏജൻസികളിൽനിന്നു സഹായങ്ങൾ ലഭിക്കുന്നതിന് പാകിസ്ഥാന് തടസങ്ങൾ ഉണ്ടാവും.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന എഫ്എടിഎഫ് വെർച്വൽ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ജൂണിൽ നടക്കേണ്ടിയിരുന്ന യോഗം കോവിഡ് മഹാമാരി മൂലം നീണ്ടുപോവുകയായിരുന്നു. ഭീകരരെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ 2015ൽ പാകിസ്ഥാനെ ഉൾപ്പെടുത്തിയതുപോലെ ഇത്തവണയും ഉണ്ടാകുമോയെന്നായിരുന്നു പാക്കിസ്ഥാന്റെ ആശങ്ക. നിലവിൽ ഉത്തര കൊറിയയും ഇറാനുമാണ് എഫ്എടിഎഫിന്റെ കരിമ്പട്ടികയിൽ ഉള്ളത്. 39 അംഗങ്ങളുള്ള സംഘടനയിലെ 12 പേരുടെ വോട്ട് ലഭിച്ചെങ്കിൽ മാത്രമേ പാക്കിസ്ഥാനു ഗ്രേ പട്ടികയിൽനിന്ന് വൈറ്റ് പട്ടികയിലേക്ക് എത്താൻ പറ്റൂ. പാക്കിസ്ഥാനെ 2018ലാണു ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. എഫ്എടിഎഫ് മുന്നോട്ടുവച്ച 27 ഉപാധികൾ 2019 ഒക്‌ടോബറിനുള്ളിൽ പൂർത്തിയാക്കാൻ സമയം അനുവദിക്കുകയായിരുന്നു. ഭീകര സംഘടനകളുടെ മുന്നണികളായി പ്രവർത്തിക്കുന്ന സംഘടനകൾക്കും, മൗലാന മസൂദ് അസർ, ഹാഫിസ് സയീദ് എന്നിവർക്കും എതിരെ നടപടികൾ കൈക്കൊള്ളാൻ പരാജയപ്പെടുന്ന സാഹചര്യത്തിലും, പാക്കിസ്ഥാൻ ഗ്രേ പട്ടികയിൽ തന്നെ തുടരുന്നതാണ് നല്ലതെന്നാണ് ഇന്ത്യ പ്രതികരിച്ചിരുന്നത്.