ശബരീനാഥിന്റെ വിയോഗം താങ്ങാനാവാതെ സിനിമാലോകം.

സീരിയൽ താരം ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. നിരവധി പേരാണ് പ്രിയ സഹപ്രവർത്തകന് ആദരാഞ്ജലി അർപ്പിച്ചത്. എപ്പോഴും പുഞ്ചിരിയുള്ള ഈ മുഖം ഇത്രപെട്ടെന്ന് മാഞ്ഞുപോകുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് താരങ്ങൾ പറയുന്നത്.
വീടിന് സമീപത്തുനിന്ന് ഷട്ടിൽ കളിക്കുന്നതിനിടയിലായിരുന്നു ശബരീനാഥിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായാണ് വിയോഗം. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ് ശബരിനാഥ്. അഭിനയരംഗത്തേക്ക് എത്തിയതിനെക്കുറിച്ചും തന്റെ സീരിയലുകളെക്കുറിച്ചുമെല്ലാം സംസാരിക്കാറുണ്ടായിരുന്നു അദ്ദേഹം. സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ എക്‌സിക്യുട്ടീവ് അംഗം കൂടിയാണ് ശബരി.
അപ്രതീക്ഷിതമായാണ് ശബരീനാഥ് അഭിനയ രംഗത്തേക്ക് എത്തിയത്. മിന്നുകെട്ടെന്ന സീരിയലിന്റെ ലൊക്കേഷനിൽ ചിത്രീകരണം നടക്കുമ്ബോൾ ശബരിയുമുണ്ടായിരുന്നു. ഒരു താരം വരാതിരുന്നതോടെ പകരക്കാരനായി ശബരിയും അഭിനയിക്കുകയായിരുന്നു. അങ്ങനെയാണ് അഭിനയജീവിതം തുടങ്ങുന്നത്. പിന്നീട് നിരവധി പരമ്പരകളിലെ അവസരം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കെല്ലാം പരിചിതനായി മാറുകയായിരുന്നു ശബരി.
നിലവിളക്ക്, അമല, സ്വാമി അയ്യപ്പൻ, പ്രണയം തുടങ്ങി പാടാത്ത പൈങ്കിളിയിൽ എത്തി നിൽക്കുകയായിരുന്നു ശബരിയുടെ അഭിനയ ജീവിതം. സീരിയൽ ലോകത്തുനിന്നും മികച്ച സൗഹൃദമാണ് തനിക്ക് ലഭിച്ചതെന്ന് മുൻപ് താരം പറഞ്ഞിരുന്നു.സാഗരം സാക്ഷി എന്ന ജനപ്രിയ സീരിയലിന്റെ നിർമാതാക്കളിൽ ഒരാളായിരുന്നു. സീരിയൽ താരങ്ങളുടെ സംഘടന ആത്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ശാന്തിയാണ് ഭാര്യ. ഭാഗ്യ.എസ്.നാഥ്, ഭൂമിക .എസ്. നാഥ്. എന്നിവർ മക്കളാണ്
താരങ്ങളെല്ലാമായി അടുത്ത സൗഹൃദമാണ് ശബരീനാഥിനുണ്ടായിരുന്നത്. പ്രിയപ്പെട്ട ശബരി ഇനിയില്ലെന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് പലരും. കിഷോർ സത്യ, സാജൻ സൂര്യ, ഫസൽ റാഫി, ഉമ നായർ, ശരത് തുടങ്ങിയവരെല്ലാം ആശുപത്രിയിലേക്ക് എത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ താരങ്ങളെല്ലാം ശബരിക്ക് ആദരാഞ്ജലി നേർന്നെത്തിയിട്ടുണ്ട്. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞായിരുന്നു ഷിജു എത്തിയത്.
പ്രിയപ്പെട്ട സുഹൃത്തിനു ആദരാഞ്ജലികൾ വിശ്വസിക്കാൻ പറ്റുന്നില്ല, പറയാൻ വാക്കുകളില്ല, ഇത്രേയുമേ ഉള്ളു മനുഷ്യനെന്നായിരുന്നു ജയൻ കുറിച്ചത്. നഷ്ടം, ആദരാഞ്ജലികളെന്നായിരുന്നു ഷാനവാസ് കുറിച്ചത്. ശബരിചേട്ടന് ആദരാഞ്ജലികളെന്നായിരുന്നു വിവേക് ഗോപൻ കുറിച്ചത്. നിരവധി പേരാണ് ശബരിയുടെ വിയോഗത്തെക്കുറിച്ച് വേദനയോടെ പ്രതികരിച്ചിട്ടുള്ളത്. താരങ്ങളുടെ പോസ്റ്റുകൾക്ക് കീഴിലെല്ലാം കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. വിശ്വസിക്കാനാവുന്നില്ലെന്നും, വല്ലാത്തൊരു പോക്കായിപ്പോയെന്നുമൊക്കെയായിരുന്നു ആരാധകർ പറഞ്ഞത്.
വക്കീൽ വേഷത്തിൽ അഭിനയിക്കണമെന്നായിരുന്നു ശബരി ആഗ്രഹിച്ചത്. നായകനായാലും സഹനടനായാലും തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കാറുണ്ട് അദ്ദേഹം. ഈ മേഖലയിലേക്ക് എത്തിയില്ലായിരുന്നുവെങ്കിൽ കംപ്യൂട്ടർ വിദഗ്ധനായി താൻ തുടർന്നേനെയെന്നായിരുന്നു താരം പറഞ്ഞത്. ടെക്‌നോപാർക്കിൽ ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്.