Latest NewsSheUncategorizedWorld

അലസാന്ദ്ര ഗല്ലോനി; റോയിട്ടേ‌ഴ്സിന്റെ എഡിറ്റർ ഇൻ ചീഫായി ആദ്യ വനിത

വാഷിം​ഗ്ടൺ: റോയിട്ടേഴ്സിന്റെ പുതിയ എഡിറ്റർ ഇൻ ചീഫ് ആയി അതിന്റെ ഉന്നത എഡിറ്റർമാരിൽ ഒരാളായി സേവനം അനുഷ്ഠിച്ചിരുന്ന അലസാന്ദ്ര ഗല്ലോനിയെ നിയമിച്ചു. ഒരു പതിറ്റാണ്ടായി റോയിട്ടേഴ്‌സിനെ നയിച്ചതിനു ശേഷം സ്റ്റീഫൻ ജെ അഡ്‌ലർ വിരമിക്കൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഗല്ലോനിയുടെ നിയമനം.

റോയിട്ടേഴ്‌സിന്റെ 170 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് എത്തുന്നതെന്ന് ട്വിറ്ററിലൂടെ കമ്പനി അറിയിച്ചു. റോം സ്വദേശിനിയായ ഗല്ലോനിക്ക് റോയിട്ടേഴ്‌സിൽ ബിസിനസ്, രാഷ്ട്രീയം എന്നിവ സംബന്ധിച്ച വാർത്തകൾ കവർ ചെയ്തതിൽ വലിയ അനുഭവപരിചയമുണ്ട്. എഡിറ്റർ ഇൻ ചീഫ് ആകുന്നതിനു മുമ്പ് അവർ റോയിട്ടേഴ്‌സിന്റെ ഗ്ലോബൽ മാനേജിങ് എഡിറ്റർ ആയി പ്രവർത്തിച്ചു വരികയായിരുന്നു.

‘പ്രതിഭാധനരും സ്വയം സമർപ്പിതരും ഏറെ പ്രചോദിപ്പിക്കുന്നവരുമായ മാധ്യമപ്രവർത്തകർ ഭാഗമായിട്ടുള്ള ഒരു ലോകോത്തര ന്യൂസ് റൂമിനെ നയിക്കാൻ അവസരം ലഭിച്ചത് ഒരു ബഹുമതിയായി കരുതുന്നു’, ഗല്ലോനി പ്രസ്താവനയിലൂടെ പ്രതികരിച്ചു. ലോകമെമ്പാടും 200 സ്ഥലങ്ങളിലായി 2500 മാധ്യമപ്രവർത്തകർ പ്രവർത്തിക്കുന്ന റോയിട്ടേഴ്സ് ലോകത്തെ ഏറ്റവും വലിയ വാർത്താ ഏജൻസികളിൽ ഒന്നാണ്.

റോയിട്ടേഴ്‌സിൽ ഇറ്റാലിയൻ വാർത്താ റിപ്പോർട്ടർ ആയാണ് ഗല്ലോനി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് 13 വർഷക്കാലം അവർ വാൾസ്ട്രീറ്റ് ജേർണലിൽ പ്രവർത്തിച്ചു. തുടർന്ന് 2013-ലാണ് വീണ്ടും റോയിട്ടേഴ്‌സിലേക്ക് അതിന്റെ ദക്ഷിണ യൂറോപ്യൻ ബ്യൂറോയുടെ എഡിറ്ററായി തിരികെയെത്തുന്നത്. ‘ഒരു മികച്ച എഡിറ്ററും മികച്ച സഹപ്രവർത്തകയുമായിരുന്ന വ്യക്തിക്ക് ഈ ബാറ്റൺ കൈമാറാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്’ – വിരമിക്കുന്ന എഡിറ്റർ ഇൻ ചീഫ് സ്റ്റീഫൻ ജെ അഡ്‌ലർ ട്വിറ്ററിൽ കുറിച്ചു.

ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയായ റോയിട്ടേഴ്സ് തോംസൺ റോയിട്ടേഴ്സ് കോർപ്പറേഷന്റെ ഭാഗമായുള്ള സ്ഥാപനമാണ്. മറ്റു വാർത്താ ഏജൻസികളായ ദി അസോസിയേറ്റഡ് പ്രസ്, ബ്ലൂംബെർഗ് ന്യൂസ് തുടങ്ങിയവയാണ് പ്രധാന എതിരാളികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button