ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ ജേക്കബ് തോമസിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കി
കൊച്ചി: പിണറായി സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നുമുള്ള തിരിച്ചടികള്‍ തുടരുന്നു. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ വിജിലന്‍സിന്റെ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് സര്‍ക്കാര്‍ ഖജനാവിന് 14.96 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിജിലന്‍സ് കേസിനെതിരെ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് നാരായണ പിഷാരടിയുടെ സിംഗിള്‍ ബെഞ്ചാണ് കുറ്റപത്രം റദ്ദാക്കിയത്. കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കോടതിയെ സമീപിക്കുകയായിരുന്നു. ഡ്രഡ്ജര്‍ വാങ്ങാന്‍ എട്ടുകോടി രൂപ അനുവദിച്ച സ്ഥാനത്ത് 19 കോടി രൂപ ചിലവഴിച്ചു എന്ന് എഫ്‌ഐആറില്‍ പറയുന്നു. നേരത്തെ ഹൈക്കോടതി തള്ളിയ ആരോപണത്തില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു എന്നതായിരുന്നു ജേക്കബ് തോമസിന്റെ ഹര്‍ജിയില്‍ പറയുന്നത്. ഈ വാദമാണ് ഹൈക്കോടതി ശരിവച്ചത്. ഡ്രെഡ്ജര്‍ വാങ്ങാന്‍ എട്ട് കോടി ഭരണാനുമതി ഉണ്ടായിരുന്ന മിനിട്സ് 20 കോടിയാക്കി എന്നും എട്ട് കോടിയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയത് എന്നും എഫ്‌ഐആറില്‍ പറയുന്നു. ഇതോടൊപ്പം ടെന്‍ഡറില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ കമ്പനിയെ ഒഴിവാക്കി ഹോളണ്ട് കമ്പനിയെ ഒന്നാമതാക്കിയെന്നും ആരോപണം ഉയര്‍ന്നു. ജേക്കബ് തോമസിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെയാണ് വിജിലന്‍സ് കേസ് വീണ്ടും ഉയര്‍ന്നുവന്നത്. ജേക്കബ് തോമസ് സസ്‌പെന്‍ഷനില്‍ പോയ സമയത്താണ് അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസ് ഹൈക്കോടതി റദ്ദാക്കിയതോടെ ജേക്കബ് തോമസിനെതിരെ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം പൂര്‍ണമായി മാറിയിരിക്കുകയാണ്.