”ശബരിമലയിലെ സ്വർണം സംരക്ഷിക്കാനുള്ള ശ്രമത്തിൽ സർക്കാരിനും ദേവസ്വം ബോർഡിനും വീഴ്ച സംഭവിച്ചു”- കെപിസിസി അധ്യക്ഷൻ

ശബരിമലയിലെ സ്വർണം സംരക്ഷിക്കാനുള്ള ശ്രമത്തിൽ സർക്കാരിനും ദേവസ്വം ബോർഡിനും വീഴ്ച സംഭവിച്ചെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. സർക്കാരും ദേവസ്വം ബോർഡും സംഭവത്തെ ന്യായീകരിച്ച് മാറിനിൽക്കാൻ കഴിയില്ലെന്നും, അയ്യപ്പ സംഗമം പോലും പ്രഹസനമായി മാറിയതായും അദ്ദേഹം നിരീക്ഷിച്ചു. സ്വർണം നഷ്ടപ്പെടാൻ ഇടയായ സാഹചര്യത്തിന്റെ സമഗ്രമായ അന്വേഷണവും ആവശ്യപ്പെട്ടു.
ഉത്തരവാദികളിൽ നടപടികൾ വേണമെന്ന് അദ്ദേഹം നിർബന്ധിച്ചു. കോൺഗ്രസ് ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും, അഖിലേന്ത്യ നേതാക്കളും സമരത്തിൽ പങ്കാളിയാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. “കള്ളൻ കപ്പലിൽ തന്നെയാണ് ഉള്ളതെന്നും ഭരണ തലത്തിൽ ഉണ്ടായ ദുസ്വാധീനം തട്ടിപ്പിന് വഴിയൊരുക്കി,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടൊപ്പം വോട്ടർ പട്ടിക ക്രമക്കേടുകളെയും അദ്ദേഹം വിമർശിച്ചു. ഇരട്ട വോട്ടർക്കു രണ്ട് ഐഡി കാർഡുകൾ നൽകിയതായും, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നമ്പറുകൾ പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരട്ട വോട്ടിന് നിയമപരമായ നിലനിൽപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നും, കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുത്ത് കോൺഗ്രസ് അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടൻ അവസാനിക്കും എന്നും സണ്ണി ജോസഫ് അറിയിച്ചു.
Tag: The government and the Devaswom Board failed in their efforts to protect the gold in Sabarimala” – KPCC President