BusinessCrimeGulfKerala NewsLatest NewsNews

സ്വപ്‌നാ സുരേഷിന്റേത് വ്യാജ സർട്ടിഫിക്കറ്റ്, ഐ ടി വകുപ്പും, ശിവരാമനും,പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സും വിവാദങ്ങളിലേക്ക്.

സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പില്‍ സ്വപ്‌നാ സുരേഷ് ജോലി നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു. സ്വപ്നക്ക് എസ് എസ് എൽ സി മാത്രമേ വിദ്യാഭ്യാസമുള്ളൂ എന്ന് നിയമനം നൽകിയ ഐ ടി സെക്രട്ടറി ശിവരാമനും പിന്നീട് അറിഞ്ഞിരുന്നതാണ്. ഇരുവരും തമ്മിലുള്ള അടുത്ത അടുപ്പത്തിനിടെ ഈ വിവരം അറിഞ്ഞിട്ടും ബന്ധത്തിന്റെ ആഴം കൊണ്ട് ശിവരാമൻ കണ്ണടച്ചുകൊടുക്കുകയായിരുന്നു. ഒരു ലക്ഷത്തില്‍ അധികം രൂപ ശമ്പളത്തിൽ ഉള്ള കോണ്‍സുലേറ്റിലെ ജോലി നേടിയതും ഇതേ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു. ഇതോടെ സ്വപ്‌നാ സുരേഷിനെതിരെയും, ഐ ടി സെക്രട്ടറിയായിരുന്ന ശിവരാമനെതിരെയും, കേസെടുക്കാന്‍ സംസ്ഥാന സർക്കാർ നിർബന്ധിതമാകുന്ന സ്ഥിതിവിശേഷമായി.

സ്വപ്ന സുരേഷ് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ഉള്‍പ്പെടെ ജോലിക്കായി സമര്‍പ്പിച്ച ബികോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാല സ്ഥിരീകരിച്ചതായി മനോരമയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എയര്‍ ഇന്ത്യ സാറ്റ്‌സുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് പിടിച്ചെടുത്തതാണ് ഈ സര്‍ട്ടിഫിക്കറ്റ്. ഇതേ ബിരുദമാണു യോഗ്യതയായി കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും കണക്കാക്കിയത്. അതുകൊണ്ട് തന്നെ ഈ സര്‍ട്ടിഫിക്കറ്റില്‍ സർക്കാരിന് കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്. പ്രൈസ് വാട്ടര്‍ കൂപ്പര്‍ വഴിയാണ് സ്വപ്‌നാ സുരേഷ് സര്‍ക്കാരിന്റെ ഭാഗമാകുന്നത് എന്ന സത്യം നിലനിൽക്കെ പ്രൈസ് വാട്ടര്‍ കൂപ്പറിനെതിരേയും സർക്കാർ ഇനി കേസെടുക്കേണ്ടിവരും. ചുരുക്കത്തിൽ സ്വപ്നയുടെ ഒറ്റ സർട്ടിഫിക്കറ്റിൽ സ്വപ്നക്കൊപ്പം, ശിവരാമനും,പ്രൈസ് വാട്ടര്‍ കൂപ്പറും കുടുങ്ങുകയാണ്.

സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നറിയിച്ച്‌ മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാല അധികൃതര്‍ മനോരമയ്ക്ക് ഇമെയില്‍ അയച്ചുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമെന്നു വ്യക്തമായിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകളിലെ സുരക്ഷാ മുദ്രകളൊന്നും ഇല്ല. സ്വപ്ന ഈ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ആയിരുന്നില്ലെന്നും സര്‍വകലാശാലയിലോ അതിനു കീഴിലുള്ള കോളജുകളിലോ ബികോം കോഴ്‌സ് തന്നെ ഇല്ലെന്നും കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ഡോ. വിവേക് എസ് സാഥെ ആണ് വ്യക്തമാക്കിയിട്ടുള്ളത്.
സ്വപ്നയുടെ പശ്ചാത്തലത്തെക്കുറിച്ച്‌ ഇടനിലക്കാരായ ഏജന്‍സി വ്യക്തമായ അന്വേഷണം നടത്തിയിരുന്നുവെന്നു പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കഴിഞ്ഞ ദിവസം അവകാശ വാദം ഉന്നയിച്ചിരുന്നതാണ്. ഈ അവകാശ വാദവും സ്വപ്നക്കു അവർ ഒരുക്കാൻ ശ്രമിക്കുന്ന സംരക്ഷണ കവചവും കൂടുതൽ സംശയങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. വ്യാജരേഖ നിര്‍മ്മാണവും ആള്‍മാറാട്ടവും ഉള്‍പ്പെടെയുള്ള കേസില്‍ സ്വന്തം പങ്ക് ക്രൈംബ്രാഞ്ചിനോടു വെളിപ്പെടുത്തിയ സ്വപ്ന, മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പിൽ എങ്ങനെ ജോലിയില്‍ തുടര്‍ന്നുവെന്നത്തിനു
സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുകയാണ്.
സ്‌പേസ് പാര്‍ക്ക് പോലെ നിര്‍ണായകമായ ഒരു പദ്ധതിയുടെ ഓപ്പറേഷന്‍സ് മാനേജരായി, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടെ നിരന്തരം കയറിയിറങ്ങിയ സ്വപ്നയുടെ തട്ടിപ്പു കേസുകളെക്കുറിച്ച്‌ മുഖ്യമന്ത്രിക്കു കീഴിലുള്ള ആഭ്യന്തരവകുപ്പിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൃത്യമായ അറിവുണ്ടായിരുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ആദ്യം സ്വപ്നയുടെ നിയമനത്തെക്കുറിച്ച്‌ അറിയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, കഴിഞ്ഞ ദിവസമാണ് ഇവരെ തട്ടിപ്പുകേസില്‍ പ്രതിയാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നുവെന്നു വെളിപ്പെടുത്തൽ നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button