സ്വർണക്കടത്ത് കേസ്,സ്വപ്‍ന സുരേഷ് ഉൾപ്പെടെ ഏഴു പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി; സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ ദേശവിരുദ്ധ സ്വഭാവം ഉന്നയിച്ച എൻഐഎയുടെ തെളിവുകളുടെ ഗൗരവം ഇന്നറിയാം. എൻഐഎയുടെ കേസ് ഡയറി കോടതി ചൊവ്വാഴ്ച പരിശോധിച്ചിരുന്നു. കളളക്കടത്ത് എന്നതിനപ്പുറത്ത് യുഎപിഎ ചുമത്താൻ പറ്റുന്ന തെളിവുകൾ എവിടെ എന്ന് കോടതി അന്വേഷിച്ചിരുന്നു.
ഏഴാം പ്രതി മുഹമ്മദ് ഷാഫിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ, എൻഐഎ കോടതി വിളിച്ചുവരുത്തിയ കേസ് ഡയറിയിലെ രഹസ്യസ്വഭാവമുള്ള കണ്ടെത്തലുകൾ കോടതി പരിശോധിക്കും. അന്വേഷണ സംഘത്തിനു വേണ്ടി അഡീ.സോളിസിറ്റർ ജനറൽ ഇന്നു നടത്തുന്ന വാദവും കേസിന്റെ വിധി നിർണയിക്കും. ശക്തമായ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ അനുകൂല നിലപാട് സ്വീകരിക്കേണ്ടി വരുമെന്നു കഴിഞ്ഞ ദിവസം കോടതി മുന്നറിയിപ്പു നൽകിയിരുന്നു.
കഴിഞ്ഞ ദിവസം കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. ഏകദേശം ഒൻപത് മണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുക്കൽ എൻഐഎ ഇന്ന് കോടതിയിൽ ഹാജരാക്കും. സന്ദീപിൻറെ ആവശ്യപ്രകാരം ആലുവ മജിസ്ട്രേറ്റായിരുന്നു മൊഴി രേഖപ്പെടുത്തിയത്.