Kerala NewsLatest NewsUncategorized

പോസ്റ്റൽ വോട്ടുകളിൽ കൃത്രിമം; ഗുരുതര ആരോപണവുമായി സുരേന്ദ്രൻ

കാസർകോട്: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിൽ വ്യാപക കൃത്രിമത്വം നടന്നുവെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പലയിടത്തും സീൽ ചെയ്‌ത പെട്ടികളിൽ അല്ല പോസ്റ്റൽ വോട്ടുകൾ സ്വീകരിച്ചിരിക്കുന്നത്. പോസ്റ്റൽ വോട്ടുകളുടെ സുതാര്യത ഉറപ്പുവരുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഓരോ മണ്ഡലങ്ങളിലും ആകെ അടിച്ച പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം സ്ഥാനാർത്ഥികളെ അറിയിക്കുന്നില്ല. ബാക്കിയായ പോസ്റ്റൽ ബാലറ്റുകൾ എവിടെയാണെന്ന് അറിയാനുളള അവകാശം രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടാകണം. സംസ്ഥാനത്താകെ എത്ര പോസ്റ്റൽ ബാലറ്റുകൾ അടിച്ചു, എത്രയെണ്ണം ഉപയോഗിച്ചു, എത്ര ബാലറ്റുകൾ ബാക്കിയായി തുടങ്ങിയവയുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിടണമെന്നും സുരേന്ദ്രൻ പറഞ്ഞു.
പോസ്റ്റൽ വോട്ടുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംഘടനാസംവിധാനം സി പി എം ഉണ്ടാക്കിയിട്ടുണ്ട്. സി പി എം നേതാക്കളായ സർക്കാർ ഉദ്യോഗസ്ഥരേയും ബി എൽ ഒമാരേയും ഉപയോഗിച്ച്‌ പോസ്റ്റൽ വോട്ടുകളിൽ കൃത്രിമം നടത്താനുളള ട്രെയിനിംഗ് സി പി എം എല്ലാ ജില്ലകളിലും നടത്തിയിട്ടുണ്ട്. പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ സുതാര്യതയും സുരക്ഷിതത്വവുമില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

സി പി എം നേതാക്കളുടെ അറിവോടെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ശേഷം ആക്രമണങ്ങൾ അരങ്ങേറുന്നത്. എസ് ഡി പി ഐയുമായി ചേർന്നാണ് പലയിടത്തും സി പി എം ആക്രമണങ്ങൾ നടത്തുന്നത്. അക്രമകാരികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button