യുവമോര്‍ച്ച നേതാവ് മയക്കുമരുന്നുമായി പിടിയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി മയക്കുമരുന്നുമായി പിടിയില്‍. പമീള ഗോസ്വാമിയാണ് പോലീസ് പിടിയിലായത്. ഇവരുടെ കാറില്‍ നിന്ന് 100 ഗ്രാം കൊക്കൈന്‍ കണ്ടെടുത്തുവെന്ന് പോലീസ് പറയുന്നു. കാറിലെ സീറ്റിനടിയില്‍ പേഴ്‌സില്‍ ഒൡപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പമീള ഈ വേളയില്‍ കാറിലുണ്ടായിരുന്നു. യുവമോര്‍ച്ച നേതാവ് പ്രബീര്‍ കുമാര്‍ ദേയും കാറിലുണ്ടായിരുന്നു. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ ന്യൂ അലിപോറില്‍ നിന്നായിരുന്നു അറസ്റ്റ്.
പോലീസ് വാഹനം പരിശോധിച്ച വേളയില്‍ പമീള ബഹളം വച്ചു. മയക്കുമരുന്ന് കണ്ടെത്തിയ ഉടനെ പോലീസ് ഇവരെയും കാറിലുണ്ടായിരുന്ന മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പമീളയുടെ സുരക്ഷാ ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളും കാറിലുണ്ടായിരുന്നു.
അതേസമയം, അറസ്റ്റിനെതിരെ ബിജെപി രംഗത്തുവന്നു. കൊക്കൈന്‍ കാറിനടയില്‍ എങ്ങനെ വന്നു എന്നും ആരോ കൊണ്ടുവച്ചതാണെന്നും ബിജെപി നേതാവ് ഷമിക് ഭട്ടാചാര്യ ആരോപിച്ചു. മമത ബാനര്‍ജി സര്‍ക്കാരിന്റെ പോലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങള്‍ പോലീസ് പറയുന്നത് വിശ്വസിക്കുന്നില്ലെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.