CinemaKerala NewsLatest NewsNews

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒരു നല്ല സിനിമയേ അല്ല: ശശിധരന്‍

കൊച്ചി: ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒരു നല്ല സിനിമയേ അല്ല. മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത സിനിമ മത- മൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ തികച്ചും നെഗറ്റീവായ സന്ദേശം പ്രചരിപ്പിക്കുന്ന സിനിമയാണെന്ന് ചലച്ചിത്ര അക്കാഡമി പുരസ്‌കാര നിര്‍ണയ സമിതി അംഗം എന്‍. ശശിധരന്‍. സ്ത്രീപക്ഷ സിനിമ എന്നുപറയുന്നത് തെറ്റാണ് എന്ന അഭിപ്രായക്കാരനാണ് താന്‍. നായികയുടെ ഇത്രയും സഹനങ്ങളും സിനിമയില്‍ കാണിക്കുന്ന സ്ത്രീപക്ഷ നിലപാടുകളും വ്യാജമാണ്. ഞാന്‍ ആ സിനിമയ്ക്കെതിരാണ്.

തികച്ചും യാന്ത്രികമായി നടന്ന അവാര്‍ഡ് നിര്‍ണയമായിരുന്നു ഇത്. സിനിമകളെ കലാപരമായും ആശയപരമായും ഉള്‍ക്കൊള്ളാനുള്ള പാടവം സമിതിയില്‍ ഒന്നോ രണ്ടോ പേരൊഴികെ ആര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല. കേരള ചലച്ചിത്ര അക്കാഡമി പുരസ്‌കാര നിര്‍ണയ സമിതിയില്‍ താന്‍ അംഗമായിരുന്നു. പുരസ്‌കാരനിര്‍ണയം സംബന്ധിച്ച് തികച്ചും നിരാശാജനകമായ അനുഭവമാണ് തനിക്ക് ഉണ്ടായത്. ഒരുപാട് നല്ല സിനിമകള്‍ ഉണ്ടായിരുന്നു. ഒരു സിനിമയ്ക്കുവേണ്ടി ജൂറി അംഗം എന്ന നിലയില്‍ വാദിക്കുമ്പോള്‍ ജൂറി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ വോട്ടുചെയ്താണ് അഭിപ്രായത്തെ മാനിക്കുന്നതും വിയോജിപ്പ് അറിയിക്കുന്നതും.

ഏഴു പേരടങ്ങുന്ന ജൂറിയായിരുന്നു തങ്ങള്‍. തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അപമാനിതനായ സന്ദര്‍ഭം കൂടിയായിരുന്നു ഈ പുരസ്‌കാര നിര്‍ണയം. ഒരു ജൂറി അംഗമെന്ന നിലയില്‍ തനിക്ക് സഹഅംഗങ്ങളിലുള്ള വിശ്വാസം അതോടെ നഷ്ടപ്പെട്ടു. ജൂറി അംഗം എന്ന നിലയില്‍ ജനം പ്രതീക്ഷിക്കുന്നത് മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പാണ്. ആ തിരഞ്ഞെടുപ്പ് പ്രക്രിയയിലാണ് താന്‍ കബളിപ്പിക്കപ്പെടുന്നത്. തികച്ചും വ്യക്തിപരമായി പരാജയപ്പെടുത്തിയും തന്റെ സെന്‍സിബിലിറ്റിയെ അപമാനിക്കുന്ന തരത്തിലുമുള്ള പുരസ്‌കാരനിര്‍ണയമാണ് നടന്നത്. വേദനയല്ല, പക്ഷേ സ്വന്തം ക്രെഡിബിലിറ്റി നഷ്ടപ്പെട്ടു പോയ അവസ്ഥയുടെ പകപ്പിലാണ് ഇപ്പോള്‍ താന്‍ നില്‍ക്കുന്നത്.

നല്ല സിനിമകള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന വേദനയാണ് ഉള്ളത്. കേരള ചലച്ചിത്ര അക്കാഡമി അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗം എന്ന നിലയില്‍ പ്രഖ്യാപിക്കപ്പെട്ട പുരസ്‌കാരങ്ങള്‍ക്കെതിരായി നിലകൊള്ളുന്നു എന്നതിനര്‍ഥം ആ പുരസ്‌കാരങ്ങളെല്ലാം താന്‍ മാനസികമായി റദ്ദാക്കി എന്നുതന്നെയാണ്. ഭാവിയില്‍ ഇനിയൊരു പുരസ്‌കാരനിര്‍ണയ കമ്മിറ്റിയിലും തന്റെ സാന്നിധ്യമുണ്ടാകില്ല. ഇത്തരത്തില്‍ അപമാനിതനാവാന്‍ താന്‍ ഇനിയില്ല. അധ്യക്ഷയുടെ തീരുമാനങ്ങള്‍ പക്ഷപാതപരമായിരുന്നുവെന്നും ശശിധരന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button