ദേവസ്വം ചെയര്‍മാന്‍ സ്ഥാനത്തിന് പിടിവലി മുറുകുന്നു
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെ ചെയര്‍മാന്‍ സ്ഥാനത്തിനായി പാര്‍ട്ടിയില്‍ പിടിവലി മുറുകുന്നു. നിലവിലെ ഭരണസമിതിയുടെ കാലാവധി രണ്ടരമാസം കൂടിയുണ്ട്. അടുത്ത ഭരണസമിതിയെക്കുറിച്ച് ചര്‍ച്ച നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പുതന്നെ ചെയര്‍മാന്‍ സ്ഥാനത്തിനായി നിരവധി പേര്‍ ക്യൂവിലുണ്ട്.
നിലവിലെ ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസിന് തന്നെ നറുക്ക് വീഴുമെന്നാണ് ഒരു വിഭാഗം സിപിഎമ്മുകാര്‍ പറയുന്നത്. കാരണം പിണറായി വിജയന്റെ വിശ്വസ്തനാണ് മോഹന്‍ദാസ്. മാത്രമല്ല ദേവസ്വം നിയമങ്ങള്‍ മറികടന്ന് സര്‍ക്കാരിനെ കൈയയച്ച് സഹായിക്കാന്‍ മോഹന്‍ദാസ് എന്നും മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി നായനാരുടെ മകന്‍ കൃഷ്ണകുമാറിനെ ദേവസ്വം ചെയര്‍മാനാക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ച് സിപിഎമ്മിലെത്തിയ കെ.പി. അനില്‍ കുമാറിന് ചെയര്‍മാന്‍ സ്ഥാനം നല്‍കാനും സാധ്യതയുണ്ട്. എന്നാല്‍ അനില്‍ കുമാറിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ വലിയൊരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അണികളാരുമില്ലാതെ സിപിഎമ്മിലെത്തിയ അനില്‍കുമാറിന് അനര്‍ഹമായ പരിഗണന നല്‍കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.
മറ്റു പാര്‍ട്ടികളില്‍ നിന്ന് വരുന്ന നേതാക്കന്മാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. അതിനാല്‍ കോണ്‍ഗ്രസ് വിട്ടുവന്ന ചിലര്‍ക്ക് ദേവസ്വം ബോര്‍ഡ് പോലെയുള്ള സ്ഥലങ്ങളില്‍ പ്രധാന സ്ഥാനം നല്‍കാന്‍ സാധ്യതയുണ്ട്. ഇതു മുന്നില്‍ക്കണ്ടാണ് അനില്‍ കുമാറിനെതിരെ ശബ്ദമുയര്‍ന്നിരിക്കുന്നത്. എന്തായാലും സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിടിവലി നടക്കുന്ന കാര്യം മുന്‍കൂറായി പുറത്തറിയുന്നത് ഇപ്പോഴാണ്.