Kerala NewsLatest News

നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണോ? കേന്ദ്രത്തോട് നിലപാട് തേടി ഹൈക്കോടതി

കൊച്ചി: അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. നിമിഷയുടെ അമ്മ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.ഫാത്തിമയും കുഞ്ഞും നിലവില്‍ അഫ്ഗാന്‍ ജയിലിലാണ് കഴിയുന്നത്. ഇവരെ തിരികെ എത്തിക്കന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.

അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന ഇവരെ ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. ഇന്ത്യ പങ്കാളിയായിട്ടുള്ള അന്താരാഷ്ട്ര ഉടമ്പടികളിലടക്കം പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക പരിഗണനയുണ്ട്. ഭരണഘടനാപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഐ.എസ്. ഭീകരരുടെ വിധവകളും നിലവില്‍ അഫ്ഗാന്‍ ജയിലില്‍ കഴിയുന്നവരുമായ ഇന്ത്യന്‍ വനിതകളെ തിരിച്ചെത്തിക്കില്ലെന്ന കേന്ദ്ര നിലപാടിനെതിരെ നേരത്തെ നിമിഷയുടെ അമ്മ രംഗത്തെത്തിയിരുന്നു.

ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ മനുഷ്യാവകാശമല്ലേ അത്. തന്റെ മകള്‍ ഇന്ത്യ വിട്ടു പോകുന്നതിന് മുമ്പ് അന്നത്തെ സര്‍ക്കാരിനെയും പൊലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേയെന്നും അന്ന് തടയാതെ ഇപ്പോള്‍ അവരെ കൊല്ലാന്‍ വിടുന്നത് എന്തിനാണ് എന്നുമായിരുന്നു ബിന്ദു ചോദിച്ചത്. ഇന്ത്യന്‍ സര്‍ക്കാര്‍ നിമിഷ ഫാത്തിമയെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരികയും നിയമനടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന വിശ്വാസത്തിലായിരുന്നു താന്‍. തന്റെ മകളും പേരക്കുട്ടികളും അടക്കമുള്ളവര്‍ സെപ്തംബര്‍ 11 കഴിഞ്ഞാല്‍ ബോംബ് ഭീഷണിയുടെ നടുവിലാണെന്നും ബിന്ദു അന്ന് പറഞ്ഞിരുന്നു.

നിമിഷ ഫാത്തിമ ഉള്‍പ്പെടെയുള്ള നാലു പേരെയും ഇന്ത്യയിലേക്ക് മടക്കി അയക്കാന്‍ താത്പര്യപ്പെട്ട് അഫ്ഗാന്‍ സര്‍ക്കാര്‍ ഇന്ത്യയെ സമീപിച്ചിരുന്നു. ഇവരെ ഇന്ത്യയില്‍ തന്നെ വിചാരണ ചെയ്യുമെന്നും അഫ്ഗാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയാണ് ഇവരെ കൊണ്ടു വരാന്‍ താത്പര്യമില്ലെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button