കോവിഡിനെ തളക്കാൻ ഒരു കണ്ണൂർക്കാരന്റെ കരങ്ങളും

ലോകത്ത് ലക്ഷക്കണക്കിന് മനുഷ്യ ജീവൻ കവർന്ന് കൊണ്ട് സംഹാര താണ്ഡവമാടുന്ന കോവിഡ് 19 ന് കാരണമായ കൊറോണ വൈറസിനെ പിടിച്ചു കെട്ടാനായി ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കണ്ണൂർ സ്വദേശി എന്നതിൽ കേരളത്തിനെന്നും അഭിമാനിക്കാം. കോവിഡ് 19 രോഗത്തിനു പ്രതിരോധമരുന്ന് ഡിസംബറോടെ ലോകവിപണിയിലെത്തിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് ചുക്കാന്‍ പിടിക്കുന്നത് കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയായ ഒരു മലയാളിയാണ്. പി.സി. നമ്പ്യാരെന്ന പുരുഷോത്തമന്‍ സി. നമ്പ്യാര്‍ ആണ് അത്. കോവിഡ് 19 വാക്‌സിന്‍ ഗവേഷണത്തിനും നിര്‍മാണത്തിനും കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ള കമ്പനിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്സിൻ ഡിസംബർ അവസാനത്തോടെ വിപണിയിൽ എത്തുമെന്നാണ് ഏറ്റവുമൊടുവിൽ പറഞ്ഞിട്ടുള്ളത്. ഇതു യാഥാര്‍ഥ്യമായാല്‍ ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന രാജ്യം എന്ന അഭിമാന നേട്ടം കൂടി ഇന്ത്യ കൈവരിക്കുകയാണ്. ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ വാക്‌സിന്‍ ഗവേഷണത്തില്‍ പങ്കാളിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, വാക്സിന്റെ സാങ്കേതിക പഠനങ്ങളും ആദ്യഘട്ട പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ ശേഷം വാക്സിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനായി ഒരുക്കങ്ങൾ നടത്തി വരുകയാണ്. ഡിസംബറോടെ മരിന്ന് വിപണിയിലെത്തിക്കും. ഇതിന്റെ ഭാർഗമായി ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ മനുഷ്യരില്‍ സിറം ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷിച്ചു തുടങ്ങി ക്കഴിഞ്ഞു. മനുഷ്യരിലെ പരീക്ഷണം വിജയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയും ലഭ്യമായി കഴിഞ്ഞാല്‍ ആദ്യ ബാച്ച് വിപണിയിലേക്കെത്തും. കാലതാമസം ഒഴിവാക്കാന്‍ മനുഷ്യരില്‍ പരീക്ഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ത്തന്നെ വ്യാവസായിക നിര്‍മാണത്തിനും കമ്പനി തുടക്കം കുറിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ വരെ പ്രതിമാസം 50-60 ലക്ഷം ഡോസ് വാക്സിന്റെ ഉൽപ്പാദനമാണ് കമ്പനി നടത്തുന്നത്. ഒക്ടോബര്‍ മുതല്‍ ഇത് 80 ലക്ഷം ഡോസ് ആയി ഉയര്‍ത്തും.
രോഗവ്യാപനത്തിന്റെ തോതും മരണനിരക്കും പരിഗണിച്ച്, പുണെയിലെ 110 ഏക്കർ വരുന്ന സിറം ക്യാംപസിലെ പ്ലാന്റുകളുടെ ശേഷി പൂര്‍ണമായും കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിനായി മാറ്റിവയ്ക്കാനാണു കമ്പനി തീരുമാനിച്ചിട്ടുള്ളത്. കണ്ണൂരിലെ ചെറുകുന്ന് ഒതേയന്‍മാടം യുപി സ്‌കൂള്‍, ചെറുകുന്ന് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി, പ്രശസ്തമായ പൂനെ സിംബയോസിസില്‍ നിന്ന് നിയമപഠനവും മാനേജ്മെന്റ് പഠനവും പൂര്‍ത്തിയാക്കി സിംബയോസിസില്‍ എക്സ്പോര്‍ട്ട് മാനേജ്മെന്റ് അധ്യാപകനായി ജോലി ചെയ്തു വന്ന പുരുഷോത്തമന്‍ സി. നമ്പ്യാര്‍,പിന്നീട് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡ്യയുടെ മേധാവിയായ ചുമതലയേല്‍ക്കുകയായിരുന്നു. വിവിധ രോഗങ്ങളുടെ പ്രതിരോധത്തിനായി 127 രാജ്യങ്ങളിലേക്ക് നിലവിൽ വിവിധ വാക്സിനുകള്‍ കയറ്റുമതി ചെയ്തുവരുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാക്കള്‍ കൂടി ആണെന്നതാണ് ശ്രദ്ധേയം. ലോകത്തെ ഒന്നടങ്കം ദുരന്തക്കടലിലേക്ക് വലിച്ചെറിഞ്ഞ വൈറസിനെ പിടിച്ചുകെട്ടാനായി നടക്കുന്ന യുദ്ധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ ഒരു കണ്ണൂരുകാരനുമുണ്ടെന്നത് കണ്ണൂർകാർക്കും അഭിമാനിക്കാം. ചെറുകുന്ന് ഒതയംമാടം സ്വദേശി വിജയ ലക്ഷ്മിയാണ് പുരുഷോത്തമന്‍ നമ്പ്യാരുടെ ഭാര്യ. നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗായത്രി ഏക മകൾ.