keralaKerala NewsLatest NewsNews

എറണാകുളത്തു നിന്ന് കളമശേരിയിലേക്ക് ഹൈക്കോടതി മാറുന്നു ; 27 ഏക്കറിൽ ‘ജുഡീഷ്യൽ സിറ്റി’, അംഗീകാരം നൽകി മന്ത്രിസഭ

എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കുന്നത്

കൊച്ചി: എറണാകുളം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ഹൈക്കോടതി ഇനി കളമശേരിയിലേക്ക് മാറുന്നു. ഹൈക്കോടതിയും അനുബന്ധ സ്ഥാപനങ്ങളും ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശേരിയിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. പ്രാരംഭ നടപടികൾ കൈക്കൊള്ളാൻ ആഭ്യന്തര വകുപ്പിന് ചുമതല നൽകി.

2023-ൽ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുത്ത വാർഷികയോഗത്തിൽ എടുത്ത തീരുമാനങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം. നിയമവകുപ്പ് മന്ത്രി പി.രാജീവ്, ഹൈക്കോടതി ജഡ്ജിമാരായ എ. മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യൻ തോമസ്, രാജ വിജയരാഘവൻ, സതീഷ് നൈനാൻ എന്നിവർ ചേർന്ന് സ്ഥലപരിശോധന നടത്തിയ ശേഷമാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. പൊതുമരാമത്തു വകുപ്പ് ഇതിനായി പ്രാഥമിക മാതൃകാ രൂപരേഖയും സമർപ്പിച്ചിട്ടുണ്ട്.

27 ഏക്കറിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തൃതിയിൽ രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് ജുഡീഷ്യൽ സിറ്റി നിർമ്മിക്കുന്നത്. ഭരണഘടനയിലെ തുല്യത, സ്വാതന്ത്ര്യം, ജീവൻ എന്നീ മൗലികാവകാശങ്ങളെ പ്രതിനിധീകരിക്കുന്ന തരത്തിൽ മൂന്നു ടവറുകളിലായാണ് പദ്ധതിയുടെ രൂപകൽപന. പ്രധാന ടവറിൽ 7 നിലകളും മറ്റു രണ്ടു ടവറുകളിൽ 6 നിലകളും ഉണ്ടായിരിക്കും.

ചീഫ് ജസ്റ്റിസിന്റേതുൾപ്പെടെ 61 കോടതി ഹാളുകൾ, രജിസ്ട്രാർ ഓഫിസ്, ഓഡിറ്റോറിയം, കമ്മിറ്റിമുറികൾ, ഭരണവിഭാഗം, ലൈബ്രറി ബ്ലോക്ക്, ആർബിട്രേഷൻ സെന്റർ, റിക്രൂട്ട്മെന്റ് സെൽ, ഐ.ടി. വിഭാഗം, ഇൻഫർമേഷൻ സെന്റർ എന്നിവയും അടങ്ങുന്ന വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. കൂടാതെ അഡ്വക്കേറ്റ് ജനറൽ ഓഫിസ്, അഭിഭാഷകരുടെ ചേംബറുകൾ, പാർക്കിംഗ് സൗകര്യം, മഴവെള്ള സംഭരണി തുടങ്ങിയ സംവിധാനങ്ങളും ഉൾപ്പെടും.

ഭൂമി ഏറ്റെടുക്കലും കെട്ടിട നിർമ്മാണവുമുൾപ്പെടെ 1,000 കോടിയിലധികം ചെലവാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രസഹായം ലഭ്യമാക്കാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. സ്ഥലം പ്രാപ്യത, യാത്രാസൗകര്യം, ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുത്ത് കളമശേരി ഏറ്റവും അനുയോജ്യമായിടമാണെന്ന് നിയമവകുപ്പ് മന്ത്രി പി.രാജീവ് വ്യക്തമാക്കി.

നിലവിലെ ഹൈക്കോടതി സ്ഥലംപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് കളമശേരിയിലേക്ക് മാറ്റം തീരുമാനിച്ചത്. നിലവിലുള്ള മന്ദിരം വിപുലീകരിക്കാനുള്ള സാധ്യതകൾ പരിമിതമായതിനാലാണ് പുതിയ ജുഡീഷ്യൽ സിറ്റിയുടെ പദ്ധതി അന്തിമരൂപം കൊള്ളുന്നത്.

The High Court is moving from Ernakulam to Kalamassery; the Cabinet has approved the ‘Judicial City’ on 27 acres.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button