HeadlineKerala NewsLatest News

കേന്ദ്രമന്ത്രി പരിഹസിച്ച സംഭവം; ‘സുരേഷ് ഗോപിയുടെ പരാമര്‍ശം വേദനയുണ്ടാക്കി’ വയോധിക ആനന്ദവല്ലി

തന്റെ അധികാരപരിധിയില്‍ വെച്ച് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് നല്ല ധാരണയുണ്ടെന്നും എംപി സ്ഥാനത്തിരുന്ന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും സുരേഷ് ഗോപി

തൃശ്ശൂര്‍: സഹായം ചോദിച്ചെത്തിയ തന്നോട്, കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പരാമര്‍ശം വേദന ഉണ്ടാക്കിയെന്ന് ഇരിങ്ങാലക്കുടയിലെ വയോധിക ആനന്ദവല്ലി. പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സുരേഷ് ഗോപിയെ കണ്ടതെന്നും ആനന്ദവല്ലി പറഞ്ഞു. കൊടുങ്ങല്ലൂര്‍ കലുങ്ക് സൗഹൃദ സദസില്‍ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായം തേടിയ ആനന്ദവല്ലിയെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പരിഹസിച്ചിരുന്നു. ‘ചേച്ചി അധികം വര്‍ത്തമാനം പറയണ്ട, ഇഡി പിടിച്ചെടുത്ത പണം കിട്ടാന്‍ മുഖ്യമന്ത്രിയെ സമീപിക്കൂ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റില്ലെന്ന് വയോധിക പറഞ്ഞപ്പോള്‍ ‘എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. നിങ്ങളുടെ മന്ത്രി തൊട്ടടുത്തല്ലേ താമസിക്കുന്നത് എന്ന് സുരേഷ് ഗോപി ചോദിച്ചു. ഞങ്ങളുടെ മന്ത്രിയല്ലേ സര്‍ നിങ്ങള്‍ എന്ന് വയോധികയുടെ മറു ചോദ്യം. അല്ല, ഞാന്‍ ഈ രാജ്യത്തിന്റെ മന്ത്രിയാണെന്ന് സുരേഷ് ഗോപിയുടെ മറുപടി. താന്‍ മറുപടി നല്‍കി കഴിഞ്ഞുവെന്നും ഇതേ പറ്റൂ എന്നും സുരേഷ് ഗോപി പ്രതികരിച്ചു.

ഒന്നേമുക്കാല്‍ ലക്ഷം രൂപ കരുവന്നൂര്‍ ബാങ്കിലുണ്ട്. 10000 രൂപ വീതം എങ്കിലും ലഭിച്ചിരുന്നെങ്കില്‍ ആശ്വാസമാകുമായിരുന്നു. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് സിപിഐഎം നേതാക്കള്‍ വീട്ടിലെത്തി. പക്ഷേ പണം തിരികെ നല്‍കുന്നതിനുള്ള ഉറപ്പൊന്നും ആരും നല്‍കിയില്ലെന്നും ആനന്ദവല്ലി പറഞ്ഞു.

അതേസമയം, കൊച്ചുവേലായുധന്റെ നിവേദനം മടക്കിയ സംഭവത്തെത്തുടര്‍ന്നുണ്ടായ ആരോപണങ്ങളില്‍ കൈപ്പിഴ പറ്റിയെന്ന വിശദീകരണമാണ് സുരേഷ് ഗോപി നടത്തിയത്. പുള്ളിലെ കലുങ്ക് സദസില്‍ നിവേദനം നിരസിക്കപ്പെട്ടത് കൈപ്പിഴയെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കലുങ്ക് ചര്‍ച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കൈപ്പിഴകള്‍ ഉയര്‍ത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കെടുത്താനാണ് ശ്രമം. കൊച്ചു വേലായുധന്‍മാരെ ഇനിയും കാണിച്ചുതരാം. വീടില്ലാത്തവരുടെ പട്ടിക പുറത്തു വിടും. ഭരത് ചന്ദ്രന് ചങ്കൂറ്റമുണ്ടെങ്കില്‍ സുരേഷ് ഗോപിക്കും അതുണ്ട്. 14 ജില്ലകളിലും കലുങ്ക് സൗഹൃദ സദസ് നടത്തും. നിവേദനങ്ങള്‍ ബിജെപി ജില്ലാ പ്രസിഡന്റിനെ ഏല്‍പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ അധികാരപരിധിയില്‍ വെച്ച് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് നല്ല ധാരണയുണ്ടെന്നും എംപി സ്ഥാനത്തിരുന്ന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കൊടുങ്ങല്ലൂര്‍ തന്റെ മണ്ഡലത്തില്‍ പെട്ടതല്ലെന്നും തന്റെ അധികാര പരിധിയല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ‘ആ ചേട്ടന് ഒരു വീട് കിട്ടിയല്ലോ, സന്തോഷം. ഇനിയും വേലായുധന്‍ ചേട്ടന്മാരെ അങ്ങോട്ട് അയയ്ക്കും. ആ പാര്‍ട്ടിയെക്കൊണ്ട് നടപടി എടുപ്പിക്കും’, കൊച്ചുവേലായുധന് വീട് വെച്ച് നല്‍കാമെന്ന സിപിഐഎം വാഗ്ദാനത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button