നഴ്സിന്റെ ഇടപെടൽ,വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട വയോധികയ്ക്ക് ജീവന്‍ തിരിച്ചുനല്‍കി

കാനഡയിലെ ടൊറന്റോയില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ 65കാരിക്ക് ഹൃദയാഘാതം ലക്ഷണങ്ങള്‍ ഉണ്ടായപ്പോള്‍ കോവിഡിനെപ്പോലും മറന്ന് ജീവന്‍ രക്ഷിച്ച മലയാളി നഴ്‌സിന് അഭിനന്ദന പ്രവാഹം. കാസര്‍കോട് ചുള്ളിക്കര സ്വദേശിയായ ഷിന്റുവാണ് ജീവൻ രക്ഷിച്ചത്.
വിമാനം പറന്നുയര്‍ന്ന് നാലു മണിക്കൂറോളം കഴിഞ്ഞപ്പോഴാണ് വിമാനത്തിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശിക്ക് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായത്. നേരത്തെ ഹൃദയാഘാതം സംഭവിച്ചിട്ടുള്ള വയോധികയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനത്തിലുള്ളവര്‍ പരിഭ്രാന്തരായി. യാത്രക്കാരില്‍ ഡോക്ടര്‍മാരോ നഴ്സുമാരോ ഉണ്ടെങ്കില്‍ മുമ്പോട്ട് വരണമെന്ന് ക്യാബിന്‍ ക്രൂ അഭ്യര്‍ത്ഥിച്ചു. ഹൃദയാഘാത ലക്ഷണങ്ങളാണെന്ന് തിരിച്ചറിഞ്ഞ ഷിന്റു ഒട്ടും വൈകാതെ മുമ്പോട്ട് വരികയായിരുന്നു.
സഹായവുമായി സ്റ്റാഫ് നഴ്സ് കൂടിയായ ഭര്‍ത്താവും എത്തിയതോടെ ഷിന്റുവിന് വയോധികയുടെ ജീവന്‍ രക്ഷിക്കാനായി. ഷിന്റുവിന്റെ തക്കസമയത്തെ ഇടപെടലും മനസാന്നിധ്യവും മൂലം ഒരു ജീവന്‍ രക്ഷിക്കാനായി എന്നത് മാത്രമല്ല ഇടയ്ക്ക് എവിടെയെങ്കിലും വിമാനം ഇറക്കേണ്ടി വന്നാല്‍ യാത്രക്കാര്‍ക്ക് ഉണ്ടാകുമായിരുന്ന ബുദ്ധിമുട്ടും ഒഴിവാക്കാനായി. ബുധനാഴ്ച നാട്ടിലെത്തിയ ദമ്പതികൾ ഇപ്പോള്‍ ക്വാറന്റൈനിലാണ്.
തൊടുപുഴ ചുങ്കം സ്വദേശിനി ഷിന്റുവും ഭര്‍ത്താവ് കാസര്‍കോട് ചുള്ളിക്കര സ്വദേശി ഷിന്റോ സ്റ്റീഫനുമാണ് സഹയാത്രക്കാരുടെയും ക്രൂവിന്റെയും അഭിനന്ദനമേറ്റുവാങ്ങിയത്. ആലപ്പാട് എന്‍എം ജോസഫ് -എലിയമ്മ ജോസഫ് ദമ്പതികളുടെ മകളാണ് ഷിന്റു ജോസ്. സ്റ്റീഫന്റെയും അന്‍സിയുടെയും മകനാണ് ഷിന്റോ സ്റ്റീഫന്‍.