മാസ്ക് ധരിച്ചാലും ആളെ തിരിച്ചറിയും, ജപ്പാൻ കമ്പനിയുടെ സോഫ്ട് വെയർ ലോക ശ്രദ്ധ നേടുന്നു.

മാസ്ക് ധരിക്കുന്നതോടെ മുഖം കാണാതെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ പോലും തിരിച്ചറിയാനാകാത്ത പ്രതിസന്ധിക്ക് പരിഹാരവുമായി ഒരു ജപ്പാൻ കമ്പനി രംഗത്ത്. സമ്പർക്കമില്ലാതെ തന്നെ ആളുകളെ തിരിച്ചറിയുകയെന്ന സോഫ്ട് വെയർ ആണ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല പ്രതിരോധ മാർഗമായാണ് മാസ്കിനെ ലോകം ഇന്ന് നോക്കിക്കാണുന്നത്. കോവിഡ് പകർച്ച വ്യാധിക്ക് മുൻപും ജപ്പാനിൽ ജനങ്ങൾ മാസ്ക് ധരിക്കുന്നത് ശീലമാക്കിയിരുന്നു. കണ്ണ് ഉൾപ്പെടെ മാസ്ക് കൊണ്ട് മറയ്ക്കാത്ത ഭാഗങ്ങളിൽ നിന്നാണ് സോഫ്ട് വെയർ വ്യക്തികളെ തിരിച്ചറിയുന്നത്. ഇത് ഫലപ്രദമായി പ്രവർത്തിക്കണമെങ്കിൽ ആ വ്യക്തിയുടെ ഒരു ഫോട്ടോ കൂടി മുൻകൂർ സോഫ്റ്റ് വെയറിൽ സേവ് ചെയ്യേണ്ടതുണ്ട്. പുതിയ ഉപകരണത്തിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ലുഫ്താൻസ, സ്വിസ് ഇന്റർനാഷണൽ ഉൾപ്പെടെയുള്ള വിമാനക്കമ്പനികളാണ് ഇപ്പോൾ ഈ സോഫ്റ്റ് വെയറിന്റെ പ്രധാന ഉപഭോക്താക്കൾ. ഈ ഉപകരണത്തിന്റെ കൃത്യത 99.9 ശതമാനത്തിലധികമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത് എന്നതാണ് ശ്രദ്ധേയം.