യുവനടിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.

കൊച്ചി/ കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനി ക്കാൻ ശ്രമിച്ച കേസിലെ പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍, സൗത്ത് റെയില്‍വേ സ്റ്റേഷന്‍, ഷോപ്പിങ് മാള്‍, എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതിലൂടെ പ്രതികളെ കണ്ടെത്താനാകുമെന്നാണ് പോലീസ് കരുതുന്നത്. പ്രതികളെ കുറിച്ച് ഒരു വിവരവും ഇതുവരെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. മാസ്‌ക് ധരിച്ചതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിയാത്തതാണ് പോലീസിനെ വലച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ഇവരെ പരിചയമുള്ളവര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് പോലീസിന്റെ കണക്ക് കൂട്ടൽ.
ഡിസംബർ 17 ന് വൈകുന്നേരം 5.45-നാണ് പ്രതികളായ രണ്ടുപേരും കൊച്ചിയിലെ ഷോപ്പിങ് മാളിലെത്തുന്നത്. രണ്ട് മണിക്കൂറോളം ഇവര്‍ മാളില്‍ ചിലവഴിച്ചു. മാളില്‍ പ്രതികള്‍ കയറിയത് സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ചായിരുന്നു. ഫോണ്‍ നമ്പരോ പേരോ രേഖപ്പെടുത്താതെ മാളിനുള്ളിൽ കയറുകയായിരുന്നു. രണ്ടു മണിക്കൂറോളം മാളിനുള്ളിൽ ചില വഴിച്ചിരുന്നെങ്കിലും ഒരു സാധനങ്ങളും വാങ്ങിയിരുന്നില്ല. പ്രതികള്‍ പോയതും വന്നതും മെട്രോ വഴിയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റാർക്കോ വന്നപോലെ കബളിപ്പിച്ചാണ് മാളിൽ ഇവർ കയറുന്നത്.
രാത്രി 7.02-നാണ് ഇവർ നടിക്ക് നേരെ അതിക്രമം കാട്ടുന്നത്. തുടർന്ന് 7.45-ഓടെ മാളില്‍നിന്ന് പുറത്തിറങ്ങി ഇടപ്പള്ളി മെട്രോ സ്റ്റേഷനിലും, പിന്നീട് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും എത്തി. രാത്രിയോടെ ഇരുവരും ട്രെയിന്‍ മാര്‍ഗം കൊച്ചിയില്‍ നിന്ന് മടങ്ങിയെന്നാണ് പോലീസ് കരുതുന്നത്. ഇരുവരും മറ്റേതെങ്കിലും ജില്ലക്കാരായിരിക്കുമെന്നും പോലീസ് സംശയിക്കുന്നു. മാളില്‍ ചുറ്റിക്കറങ്ങുന്നതിനിടെ നടിയെ കണ്ടതോടെ താരത്തിന്റെ അടുത്തേക്ക് ഇവർ ചെല്ലുകയായിരുന്നു. ഇവര്‍ക്കെതിരെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി പോലീസ് പറയുന്നു. താരത്തിന്റെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി യിട്ടുണ്ട്. ഇന്ന് വീട്ടിലെത്തി നടിയുടെ മൊഴി പോലീസെടുക്കുന്നുണ്ട്.