Latest NewsNationalNewsSports

കിവികള്‍ വാംഖഡെയില്‍ വീണുടഞ്ഞു

മുംബൈ: മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ റണ്‍മല താണ്ടാന്‍ കഴിയാതെ ന്യൂസിലന്‍ഡ്. കിവീസ് ടീമിനെതിരെ കൂറ്റന്‍ ജയവുമായി ടീം ഇന്ത്യ പരമ്പര (1-0) കൈക്കലാക്കി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തേയും ടെസ്റ്റില്‍ 372 റണ്‍സിനാണ് കോഹ്‌ലിപ്പട ജയഭേരി മുഴക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 540 റണ്‍സിലേക്ക് വിറയലോടെ ബാറ്റേന്തിയ ന്യൂസിലന്‍ഡ് 167 റണ്‍സില്‍ ഓള്‍ഔട്ടായി.

ഇന്ത്യയ്ക്കായി ജയന്ത് യാദവും രവിചന്ദ്ര അശ്വിനും നാല് വീതം വിക്കറ്റ് നേടി. കാണ്‍പൂരിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. നേരത്തെ അജാസ് പട്ടേലിന്റെ 10 വിക്കറ്റ് പ്രകടനത്തില്‍ 325 റണ്‍സിന് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചിരുന്നു. 47.5 ഓവറില്‍ 119 റണ്‍സിനാണ് അജാസ് ഇന്ത്യയുടെ 10 വിക്കറ്റുകളും കവര്‍ന്നത്. 12 മെയ്ഡന്‍ ഓവറുകള്‍ അജാസ് എറിഞ്ഞു. സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിനും (311 പന്തില്‍ 150), അര്‍ധ സെഞ്ചുറി കുറിച്ച അക്‌സര്‍ പട്ടേലിനും (128 പന്തില്‍ 52), 44 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായത്.

ചേതേശ്വര്‍ പൂജാര, വിരാട് കോലി, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ പൂജ്യത്തില്‍ പുറത്തായപ്പോള്‍ ശ്രേയസ് അയ്യര്‍ 18 ഉം വൃദ്ധിമാന്‍ സാഹ 27 ഉം ജയന്ത് യാദവ് 12 ഉം മുഹമ്മദ് സിറാജ് നാലും റണ്‍സെടുത്ത് മടങ്ങി. ന്യൂസിലന്‍ഡ് ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ ഓവര്‍ പന്തെറിഞ്ഞത് അജാസാണ്. എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ 325 റണ്‍സ് പിന്തുടര്‍ന്ന കിവീസ് വെറും 62 റണ്‍സിന് പുറത്തായി. നാല് വിക്കറ്റുമായി രവിചന്ദ്ര അശ്വിനും മൂന്ന് പേരെ മടക്കി മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് നേടി അക്‌സര്‍ പട്ടേലും ഒരാളെ പറഞ്ഞയച്ച് ജയന്ത് യാദവുമാണ് കിവീസിനെ ചുരുട്ടിക്കൂട്ടിയത്. നായകന്‍ ടോം ലാഥമും (10), ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമീസണും (17) മാത്രമാണ് രണ്ടക്കം കണ്ടത്.

രണ്ടാം ഇന്നിംഗ്‌സില്‍ 276-7 എന്ന സ്‌കോറില്‍ ഡിക്ലെയര്‍ ചെയ്തതോടെ ഇന്ത്യക്ക് 539 റണ്‍സിന്റെ ആകെ ലീഡായി. ആദ്യ ഇന്നിംഗ്‌സിലെ 10 വിക്കറ്റും നേടിയ അജാസ് പട്ടേല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ നാല് പേരെ പുറത്താക്കി. അതേസമയം അവസാന ഓവറുകളില്‍ അക്‌സര്‍ പട്ടേല്‍ വെടിക്കെട്ട് ഇന്ത്യന്‍ ലീഡ് ഹിമാലയന്‍ ഉയരങ്ങളിലേക്ക് ആനയിക്കുകയായിരുന്നു. മൂന്നാം ദിവസം വിക്കറ്റ് നഷ്ടമാവാതെ 69 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ചത്. 38 റണ്‍സുമായി മായങ്ക് അഗര്‍വാളും 29 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമായിരുന്നു ക്രീസില്‍.

മായങ്ക്- പൂജാര സഖ്യം 100 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. എന്നാല്‍ അജാസ് പട്ടേല്‍ വീണ്ടും പന്തുകൊണ്ട് വട്ടംകറക്കി. ആദ്യ ഇന്നിംഗ്‌സിലെ തകര്‍പ്പന്‍ സെഞ്ചുറിക്ക് പിന്നാലെ അര്‍ധ സെഞ്ചുറി കണ്ടെത്തിയ മായങ്കിനെ (62) യങ്ങിന്റെ കൈകളിലെത്തിച്ച് അജാസ് കൂട്ടുകെട്ട് പൊളിച്ചു. ചേതേശ്വര്‍ പൂജാരയാവട്ടെ അര്‍ധ സെഞ്ചുറിക്കരികില്‍ (47) അജാസിന്റെ പന്തില്‍ സ്ലിപ്പില്‍ ടെയ്ലര്‍ പിടിച്ച് പുറത്തായി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 142-2 സ്‌കോറിലായിരുന്ന ഇന്ത്യക്കായി രണ്ടാം സെഷനില്‍ ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും 82 റണ്‍സ് കൂട്ടുകെട്ടുമായി ലീഡുയര്‍ത്തി.

എന്നാല്‍ ഗില്ലിനെയും (47) കോലിയെയും (36) വൃദ്ധിമാന്‍ സാഹയേയും (13) രചിനും ശ്രേയസ് അയ്യരെ (14) അജാസും പുറത്താക്കി. ഇതിനിടെ 500 റണ്‍സിന്റെ ലീഡ് ഇന്ത്യ പിന്നിട്ടിരുന്നു. പിന്നാലെ 26 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം പുറത്താകാതെ 41 റണ്‍സുമായി അക്‌സര്‍ വെടിക്കെട്ട് ഇന്ത്യന്‍ ലീഡ് ടോപ് ഗിയറിലാക്കി. ആറ് റണ്‍സുമായി ജയന്ത് യാദവ്, അജാസിന് മുന്നില്‍ കീഴടങ്ങിയതോടെ കോലി ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 540 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലന്‍ഡിന് ടോം ലാഥം (6), വില്‍ യങ് (20), ഡാരില്‍ മിച്ചല്‍ (60), റോസ് ടെയ്ലര്‍ (6), ടോം ബ്ലണ്ടല്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ മൂന്നാം ദിനം നഷ്ടമായി.

ലാഥത്തെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീടെത്തിയ ഡാരില്‍ മിച്ചല്‍ അല്‍പനേരം പിടിച്ചുനിന്നു. എന്നാല്‍ മറുവശത്ത് യങ്ങിനെ നഷ്ടമായി. അശ്വിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച്. സീനിയര്‍ താരം റോസ് ടെയ്ലര്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. ആറ് റണ്‍സെടുത്ത താരത്തെ അശ്വിന്‍ പൂജാരയുടെ കൈകളിലെത്തിച്ചു. ബ്ലണ്ടലാവട്ടെ റണ്‍സൊന്നും നേടാനാവാതെ റണ്ണൗട്ടാവുകയും ചെയ്തു. അഞ്ച് വിക്കറ്റിന് 140 റണ്‍സ് എന്ന നിലയിലാണ് നാലാം ദിനം ന്യൂസിലന്‍ഡ് ബാറ്റിംഗ് പുനരാരംഭിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ കിവികള്‍ അടിയറവുപറഞ്ഞു.

ജയന്ത് യാദവാണ് നാലാം ദിനം കിവീസ് നടുവും വാലും തകര്‍ത്തത്. രചിന്‍ രവീന്ദ്ര (18), കെയ്ല്‍ ജാമീസണ്‍ (0), ടിം സൗത്തി (0), വില്യം സോമര്‍വില്‍ (1) എന്നിവരെ ജയന്ത് പറഞ്ഞയച്ചതോടെ ഇന്നിംഗ്‌സിന് തിരശീല വീണു. 111 പന്തില്‍ 44 റണ്‍സുമായി പൊരുതിയ ഹെന്റി നിക്കോള്‍സിനെ അശ്വിന്റെ പന്തില്‍ സാഹ സ്റ്റംപ് ചെയ്തതോടെ അവസാന വിക്കറ്റും കൂറ്റന്‍ ജയവും ഇന്ത്യയ്ക്ക് സ്വന്തമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button