കോവിഡ് വാക്‌സീൻ കേന്ദ്രം നേരിട്ടു സംഭരിച്ച് മുൻഗണനാക്രമത്തിൽ വിതരണം ചെയ്യും.

ന്യൂഡൽഹി/ കോവിഡ് വാക്‌സീൻ ലഭ്യമായാൽ രാജ്യത്ത് പ്രത്യേക കോവിഡ്-19 വാക്‌സിനേഷൻ പ്രോഗ്രാമിലൂടെയാകും അതിന്റെ വിതരണം നടക്കുക. അൻപതിനായിരം രൂപ ചിലവിൽ കേന്ദ്രം വാക്‌സീൻ നേരിട്ടു സംഭരിച്ച് മുൻഗണനാക്രമത്തിൽ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ശേഖരിക്കുന്ന വാക്‌സീൻ മുൻഗണനാ വിഭാഗങ്ങൾക്ക് സംസ്ഥാന, ജില്ലാ ഭരണകൂടങ്ങൾ വഴി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി മികച്ച വാക്‌സിനേഷൻ പദ്ധതിക്കാണ് കേന്ദ്രം തയ്യറെടുക്കുന്നത്. കോവിഡ്-19 വാക്‌സിനേഷൻ പ്രോഗ്രാമിലൂടെ കോവിഡ് മഹാമാരിയെ ചെറുക്കാനുള്ള മുന്നൊരുക്കങ്ങൾ കേന്ദ്ര സർക്കാർ ഇതിനായി ആരംഭിച്ചു. കോടിക്കണക്കിനു രൂപ മുടക്കി, ലക്ഷക്കണക്കിന് ആരോഗ്യ പ്രവർത്തകരുടെയും വൊളന്റിയർമാരുടെയും സഹായത്തോടെ, സംഭരണ–വിതരണ പ്രവർത്തനം, നടത്താനാണ് സർക്കാർ തയ്യാറാവുന്നത്. വൻ തയാറെടുപ്പാണ് 130 കോടി ജനങ്ങൾക്കു വാക്‌സീൻ എത്തിക്കാനായി അണിയറയിൽ നടന്നുവരുന്നത്.
വാക്‌സീൻ സ്വന്തം നിലയ്ക്കു ശേഖരിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകില്ല. അത്തരം ഒരു നീക്കവും പാടില്ലെന്നു സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. കുട്ടികൾക്കും ഗർഭിണികൾക്കും വാക്‌സീൻ നൽകുന്ന യൂണിവേഴ്‌സൽ ഇമ്യൂണൈസേഷൻ പ്രോഗ്രാമിനു (യുഐപി) വേണ്ടി നിലവിലുള്ള ഡിജിറ്റൽ സംവിധാനവും നടപടിക്രമങ്ങളും കോവിഡ് വാക്‌സീൻ വിതരണത്തിനും ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. വാക്‌സീന്റെ ശേഖരണം, സംഭരണം, വിതരണം എന്നിവയ്ക്കും ഇതേ മാർഗം തന്നെയാവും ഉപയോഗിക്കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വാക്‌സീൻ കുത്തിവയ്പ് നൽകുന്നവർക്കു പരിശീലനം നൽകാനായി ഓൺലൈൻ സംവിധാനമൊരുക്കുന്നുണ്ട്.