കാത്തിരിപ്പുകൾക്ക് വിരാമമായി, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഡ് വാക്സിൻ 2021 ജനുവരിയോടെ പുറത്തിറക്കും.

ന്യൂഡൽഹി/റെഗുലേറ്ററി ബോഡികളിൽ നിന്നും അംഗീകാരം ലഭിച്ചാൽ 2021 ജനുവരിയോടെ കൊവിഡ് വാക്സിൻ പുറത്തിറക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അഡാർ പൂനവാലയുടെ വെളിപ്പെടുത്തൽ. ഇന്ത്യയിലെയും യു.കെയിലെയും വാക്സിൻ പരീക്ഷണങ്ങളുടെ വിജയത്തെ അടിസ്ഥാനമാക്കി റെഗുലേറ്ററി ബോഡികളിൽ നിന്നും അംഗീകാരങ്ങൾ ലഭിക്കുന്നതോടെ 2021 ജനുവരിയോടെ വാക്സിൻ ഇന്ത്യയിൽ ലഭ്യമാക്കാമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് പൂനവാല പറഞ്ഞിട്ടുള്ളത്. അധികൃതരിൽ നിന്നും അനുമതി ലഭിച്ചാലുടൻ വാക്സിൻ വിതരണം ചെയ്യുമെന്നും പൂനവല്ല പറഞ്ഞിരിക്കുന്നു.
ബ്രിട്ടീഷ് ഫാർമ കമ്പനിയായ ആസ്ട്രസെനെക്കയുമായി ചേർന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നത്. കോവിഡ് വാക്‌സിൻ 60 മുതൽ 70 ദശലക്ഷം വരെ ഡോസുകൾ ഉത്പാദിപ്പിക്കാനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിട്ടിരിക്കുന്നത്. പ്രതിമാസം ഇത് 100 ദശലക്ഷം വരെ ഉയർത്താനും ഉദ്ദേശിക്കുന്നു. വാക്‌സിന്റെ വില നിശ്ചയിക്കുന്നതിനായി സർക്കാരുമായി ചർച്ചകൾ നടന്നു വരുകയാണെന്നും, ന്യായമായ വിലയ്ക്ക് വാക്‌സിൻ ലഭ്യമാക്കുമെന്നും പൂനവല്ല പറയുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേണൽ ദി ലാൻസെറ്റിലിന്റെ റിപ്പോർട്ട് പ്രകാരം 18നും 55നും ഇടയിൽ പ്രായുള്ളവരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിൻ ഇരട്ടി പ്രതിരോധ ശേഷി ഉണ്ടാക്കുന്നതായാണ് അവകാശപ്പെടുന്നത്.