രാജ്യത്ത് കൊവിഡ് വാക്‌സിൻ ജനുവരി 13ന് വിതരണത്തിന് സജ്ജം.

ന്യൂഡൽഹി / കൊവിഡ് വാക്‌സിൻ രാജ്യത്ത് ജനുവരി 13ന് വിതരണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. അടിയന്തര അനുമതി ലഭിച്ച് പത്ത് ദിവസത്തിനകം തന്നെ വാക്‌സിൻ വിതരണത്തിന് തയ്യാറാണ്. ചെന്നൈ,കൊൽക്കത്ത, കർണാൽ, മുംബയ്, എന്നിവിടങ്ങളിൽ മെഗാ വാക്‌സിൻ സംഭരണശാലകൾ ഇതിനായി തയ്യാറായി. ഇവിടെ നിന്നും വിവിധ സംസ്ഥാനങ്ങളിലെ സംഭരണശാലയിലേക്ക് വാക്‌സിൻ എത്തിക്കും. രാജ്യത്ത് 29,000 കോൾഡ് സ്‌റ്റോറേജുകൾ ആണ് വാക്‌സിൻ സംഭരണത്തിനായി സർക്കാർ തയ്യാറാക്കിയിട്ടുള്ളത്. വാക്‌സിൻ വിതരണത്തിന് മുന്നോടിയായി നടത്തിയ ഡ്രൈ റണിൽ നടപടികൾ വിലയിരുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. വാക്‌സിൻ കുത്തിവയ്‌പ്പിനുളള കൊ-വിൻ ആപ്പിൽ ആരോഗ്യ പ്രവർത്തകർ ഇപ്പോൾ രജിസ്‌റ്റർ ചെയ്യേണ്ട. എന്നാൽ ആദ്യഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കേണ്ട കൊവിഡ് മുന്നണി പോരാളികൾ ആപ്പിൽ സ്വയം വിവരങ്ങൾ നൽകണമെന്നും രാജേഷ് ഭൂഷൺ അറിയിച്ചിട്ടുണ്ട്.