ആരോഗ്യ സേതു ആപ്പ് നിർമ്മിച്ചത് ആരെന്നറിയില്ല; കേന്ദ്രത്തിന് നോട്ടീസ്.

ആരോഗ്യ സേതു ആപ്പ് ആരാണ് നിർമ്മിച്ചതെന്നതിനെക്കുറിച്ച് കേന്ദ്രത്തിന് ഒരു ധാരണയും ഇല്ലെന്ന് റിപ്പോർട്ട്. ആരോഗ്യസേതു ആപ്പിനേക്കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. കോവിഡ് 19ന് എതിരായ പോരാട്ട ത്തിന്റെ പ്രധാന ആയുധമായി കേന്ദ്രസർക്കാർ അവതരിപ്പിക്കുകയും പലസന്ദർഭങ്ങളിലും നിർബന്ധിതമാക്കുകയും ചെയ്ത മൊബൈൽ ആപ്ലിക്കേഷനായിരുന്നു ആരോഗ്യ സേതു ആപ്പ്.
സാമൂഹ്യപ്രവർത്തകനായ സൗരവ് ദാസ് ആണ് ആരോഗ്യസേതു ആപ്പ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചിരുന്നത്. ആപ്പ് നിർമിക്കുന്നതിനുള്ള അപേക്ഷ സംബന്ധിച്ച വിവരങ്ങൾ, ഇതിന്റെ അനുമതി സംബന്ധിച്ച വിവരങ്ങൾ, നിർമിച്ച കമ്പനിയുടെ പേര്, ആപ്പ് നിർമാണവുമായി ബന്ധപ്പെട്ടിട്ടുള്ള വ്യക്തി കളും സർക്കാർ വകുപ്പുകളും, ആപ്പ് ഡവലപ് ചെയ്യുന്നതിനായി പ്രവർത്തിച്ചവരുമായി നടന്നിട്ടുള്ള ആശയവിനിമയത്തിന്റെ പകർപ്പുകൾ തുടങ്ങിയവയായിരുന്നു വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിരുന്നത്
നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവുമാണ് ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചതെന്നാണ് ആരോഗ്യസേതു വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം. എന്നാൽ ആപ്പ് ആര് നിർമിച്ചു എന്ന് തങ്ങൾക്കറിയില്ല എന്നാണ് വിവരാവകാശ ചോദ്യ ത്തിന് നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ നൽകിയ മറുപടി. ചോദ്യത്തിന് ഐടി മന്ത്രാലയവും മറുപടി നൽകാൻ തയ്യാറായില്ല. തങ്ങളുടെ വിഭാഗവുമായി ബന്ധമുള്ളതല്ല ഈ ചോദ്യമെന്ന് ചൂണ്ടി ക്കാട്ടി നാഷണൽ ഇ-ഗവേൺസ് വിഭാഗത്തിന് കൈമാറുകയായിരുന്നു ഐടി മന്ത്രാലയം ചെയ്തത്.
എന്നാൽ ആരോഗ്യസേതു ആപ്പ് ആര് വികസിപ്പിച്ചു എന്ന വിവരാവ കാശം സംബന്ധിച്ച ചോദ്യത്തിന് വിവരങ്ങൾ നൽകാത്ത അധികാരി കളുടെ നടപടി സ്വീകാര്യമല്ലെന്നും ആരോഗ്യസേതു ആപ്പിന്റെ നിർമാണം സംബന്ധിച്ച ഒരു രേഖയും ലഭ്യമല്ലെന്നും വിവരാവകാശ കമ്മീഷൻ പറഞ്ഞു. ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കും നാഷണൽ ഇ-ഗവേൺസ് ഡിവിഷനും ഇൻഫർമേഷൻ കമ്മീഷൻ കാരണംകാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്.