ഹിമാലയത്തിനായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വരുന്നു.

ന്യൂഡൽഹി / ഹിമാലയ പർവത മേഖലക്കായി രാജ്യത്ത് പ്രത്യേക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നു. പർവത മേഖലകളിലെ കാലാവസ്ഥയെയും ഋതുഭേദങ്ങളെയും സംബന്ധിച്ച സേവനങ്ങളെക്കുറിച്ചു നടന്ന വെബിനാറിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്റ്റർ ജനറൽ മൃത്യുഞ്ജയ് മഹാപത്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. പുതിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ത്യയ്ക്കും അയൽരാജ്യങ്ങൾക്കും ഒരുപോലെ പ്രയോജനം ചെയ്യും.
ഇന്ത്യയിലെ ജലസമ്പത്ത്, കാലാവസ്ഥ, ദുരന്തനിവാരണം, പരിസ്ഥിതി തുടങ്ങി വിവിധ മേഖലകളിൽ ഹിമാലയത്തിനുള്ള സ്വാധീനം കണക്കിലെടുത്താണു പദ്ധതി നടപ്പിലാക്കുന്നത്. മേഖലയുടെ പരിസ്ഥിതി – ആവാസവ്യവസ്ഥ, അന്തരീക്ഷം, കര, സമുദ്രം തുടങ്ങി എല്ലാത്തിന്‍റെയും നിലനിൽപ്പിൽ ഹിമാലയൻ മലനിരകൾക്ക് നിർണായക പങ്കുണ്ട്. പ്രത്യേക നിരീക്ഷണ കേന്ദ്രം വരുന്നതോടെ മലനിരകളിലെ ഭൗതികമായ മാറ്റങ്ങൾ കൂടുതൽ കൃത്യമായി മുൻകൂട്ടി അറിയാനും പ്രവചിക്കാനും മുന്നറിയിപ്പുകൾ നൽകാനുമാകും കഴിയും.