വിവാഹം റജിസ്റ്റർ ചെയ്യാനെത്തിയ വധൂവരൻമാരെ വട്ടം കറക്കിയ സബ് റജിസ്ട്രാർ ഓഫിസിലെ സെക്‌ഷൻ ക്ലാർക്കിന് മന്ത്രി നേരിട്ടിടപെട്ടു പണികൊടുത്തു.

ഇടനിലക്കാരില്ലാതെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം റജിസ്റ്റർ ചെയ്യാനെത്തിയ വധൂവരൻമാരെ വട്ടം കറക്കിയ സബ് റജിസ്ട്രാർ ഓഫിസിലെ സെക്‌ഷൻ ക്ലാർക്കിന് മന്ത്രി നേരിട്ടിടപെട്ടു പണികൊടുത്തു. വധൂവരൻമാരെയും, സാക്ഷികളെയും വട്ടം കറക്കിയ സബ് റജിസ്ട്രാർ ഓഫിസിലെ സെക്‌ഷൻ ക്ലാർക്കിനെ, സംഭവം സംബന്ധിച്ച് പരാതി ലഭിച്ചു 24 മണിക്കൂറിനകം സസ്‌പെൻഷൻ ഓഡർ അടിച്ചു കൈയ്യിൽ കൊടുത്ത് മന്ത്രി വീട്ടിൽ പറഞ്ഞു വിട്ടു. ആലപ്പുഴയിലാണ് സംഭവം. ജില്ലയിലെ സബ് റജിസ്ട്രാർ ഓഫിസിലെ സെക്‌ഷൻ ക്ലാർക്കിനാണ് മന്ത്രി പരാതി കിട്ടിയ ഉടൻ പണികൊടുത്തത്. ക്ലാർക്ക് ഷാജിയെ സസ്പെൻഡ് ചെയ്തതായി മന്ത്രിയുടെ സമൂഹമാധ്യമ പേജിൽ കൂടിയാണ് അറിയിക്കുകയായിരുന്നു.
ഇടനിലക്കാർ വഴിയല്ലാതെ വിവാഹം റജിസ്റ്റർ ചെയ്യാനെത്തിയ വധൂവരൻമാർക്കും സാക്ഷികൾക്കുമാണ് ആലപ്പുഴയിൽ ദുരവസ്ഥ നേരിടേണ്ടി വന്നത്. ആലപ്പുഴ ബാറിലെ അഭിഭാഷകരായ ജീവൻ, റെയ്നി എം.കുര്യാക്കോസ് എന്നിവർ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്യാനെത്തിയപ്പോഴാണ് പല കാരണങ്ങൾ പറഞ്ഞ് ക്ലാർക്ക് ഷാജി, മടക്കി അയയ്ക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നത്.
ജൂൺ 22ന് ഓൺലൈനായി ഇവർ മാര്യേജ് ഓഫിസർ മുൻപാകെ അപേക്ഷ നൽകി. തുടർന്ന് അപേക്ഷയുടെ പ്രിന്റും ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ രേഖയുമായി ഓഫിസിലെത്തിയപ്പോൾ ക്ലാർക്ക് അപമര്യാദയായി പെരുമാറിയെന്ന് മന്ത്രിക്കു നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നു. പല തവണ ഇവരെ മടക്കി അയയ്ക്കുകയും വരാൻ പറയുന്ന ദിവസങ്ങളിൽ ക്ലാർക്ക് ഷാജി,മുങ്ങുകയും ചെയ്തു. ഒടുവിൽ നേരിൽ കാണുമ്പോൾ ആകട്ടെ വൈകിപ്പോയെന്നുപറഞ്ഞ് അപേക്ഷ കൈപ്പറ്റാനും വിസമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ 23ന് വധൂവരൻമാർ സാക്ഷികൾക്കൊപ്പം 10 മണിക്ക് ഓഫിസിലെത്തിയ വധൂവരന്മാരെ വൈകിട്ടു വരെ ഒറ്റ നിൽപ്പ് നിർത്തിച്ചു. ഒടുവിൽ രജിസ്‌ട്രേഷൻ നടപടികൾ ചെയ്യാതെ മടക്കി അയച്ചു. പിന്നീടുള്ള തീയതികളിലും സമാനമായി തിരിച്ചയച്ചു. ഒടുവിൽ 30 നാണ് വധൂവരന്മാർക്ക് രജിസ്‌ട്രേഷൻ ചെയ്യാൻ കഴിയുന്നത്. വിവാഹശേഷമാകട്ടെ വിവാഹ സർട്ടിഫിക്കറ്റ് നൽകാതെ ബോധപൂർവം ബുദ്ധിമുട്ടിക്കുകയും ചെയ്തതോടെയാണ് പരാതി മന്ത്രിയുടെ മുന്നിലെത്തുന്നത്.