അന്തരിച്ച പീരുമേട് എം.എൽ.എ വാഴൂർ സോമന് വിട നൽകി നാട്; സംസാകാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ
അന്തരിച്ച പീരുമേട് എം.എൽ.എ വാഴൂർ സോമന് വിട നൽകി നാട്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സിപിഐ മുൻനേതാവ് എസ്.കെ ആനന്ദന്റെ സ്മൃതി മണ്ഡപത്തിന് സമീപമാണ് ശവസംസ്കാരം നടന്നത്. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും സാധാരണ ജനങ്ങളും അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ.
മതാചാരങ്ങൾ പൂർത്തിയാക്കിയ ശേഷം രാവിലെ 11 മണിക്ക് വാളാഡിയിലെ വീട്ടിൽ നിന്ന് മൃതദേഹം വണ്ടിപ്പെരിയാർ ടൗൺഹാളിലേക്ക് കൊണ്ടുവന്നു. മൂന്നുമണിവരെ നിയമസഭാ സ്പീക്കർ, മന്ത്രിമാർ, വിവിധ ജനപ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങി ആയിരങ്ങൾ അനന്തിരാവഹണത്തിന് പങ്കാളികളായി. സിപിഐ ജനറൽ സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ചിഞ്ചുറാണി, വി.എസ്. സുനിൽകുമാർ എന്നിവർ ഉൾപ്പെടെ അനേകം പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
നാലര പതിറ്റാണ്ടിലേറെയായി ജനങ്ങൾക്ക് വേണ്ടി അവിശ്രമം പ്രവർത്തിച്ച നേതാവിന്റെ ജീവിതം, അപ്രതീക്ഷിതമായി അവസാനിച്ചത് വലിയ നഷ്ടമായി. സാധാരണക്കാരുടെ വാഹനമായ ജീപ്പിൽ സഞ്ചരിച്ചെത്തുന്ന എം.എൽ.എ ഇനി ഇല്ലെന്ന തിരിച്ചറിവിൽ പ്രദേശം ദുഃഖത്തിലാഴ്ന്നു.
ഇന്നലെ തിരുവനന്തപുരം പിടിപി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് കേന്ദ്രത്തിൽ നടന്ന റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെയാണ് വാഴൂർ സോമന് അസ്വസ്ഥത അനുഭവപ്പെട്ട് വീണത്. പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം ശാസ്തമംഗലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1974-ൽ പൊതുരംഗത്ത് കടന്നുവന്ന വാഴൂർ സോമൻ, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടത്. അന്നത്തെ മത്സരത്തിൽ കോൺഗ്രസിന്റെ സിറിയക് തോമസിനെ 1,835 വോട്ടിന് പരാജയപ്പെടുത്തുകയായിരുന്നു.
1952 സെപ്റ്റംബർ 14ന് കോട്ടയം വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി ജനിച്ച സോമൻ, എ.ഐ.എസ്.എഫ് മുഖേന രാഷ്ട്രീയ രംഗത്തേക്കു പ്രവേശിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർഹൗസിംഗ് കോർപറേഷൻ ചെയർമാൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു. നിലവിൽ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവർത്തക സമിതി അംഗവുമായിരുന്നു.
Tag: The nation bids farewell to the late Peerumedu MLA Vazhoor Soman; Funeral ceremonies held with official honors