കേരളത്തിലെ ബിജെപിയില്‍ അഴിച്ചുപണിക്കൊരുങ്ങി ദേശീയനേതൃത്വം
തിരുവനന്തപുരം: പ്രതീക്ഷയ്ക്കൊത്തുയരാത്ത കേരള ബിജെപി നേതൃനിരയെ ഉടച്ചുവാര്‍ക്കാന്‍ ദേശീയ നേതൃത്വം. കോണ്‍ഗ്രസ് മുക്തഭാരതമെന്ന ലക്ഷ്യവുമായി മുന്നേറുന്ന ബിജെപിക്ക് കാലിടറുന്നത് ദക്ഷിണേന്ത്യയിലാണ്. തമിഴ്നാടും കേരളവും ബിജെപിയുടെ ആശയങ്ങളോട് എന്നും പുറംതിരിഞ്ഞുനിന്നു. ദ്രാവിഡ രാഷ്ട്രീയത്തില്‍ ദേശീയതയ്ക്ക് സ്ഥാനമില്ലെന്ന മിഥ്യാധാരണയില്‍ മുന്‍കാല ദേശീയനേതൃത്വം ഈ രണ്ടു സംസ്ഥാനങ്ങളെയും അവഗണിച്ചു.
എന്നാല്‍ അമിത് ഷാ അധ്യക്ഷ സ്ഥാനത്തുവന്നതോടെ തമിഴ്നാടിനെയും കേരളത്തെയും മുഖ്യധാരയിലേക്കുയര്‍ത്താന്‍ കച്ചകെട്ടയിറങ്ങി. തമിഴ്നാട്ടില്‍ ഇത് വിജയം കണ്ടുവെങ്കിലും കേരളത്തില്‍ നടന്നില്ല. വിഭാഗീയത കൊടികുത്തിവാഴുന്ന ബിജെപിയുടെ കേരളഘടകം ദേശീയനേതൃത്വത്തോട് എന്നും മുഖംതിരിച്ചാണ് നിന്നത്.
കെ.ജി. മാരാര്‍ എന്ന അതുല്യനേതാവിനുശേഷം കേരള ബിജെപിയെ നയിക്കാന്‍ എത്തിയവരെല്ലാം ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ പരാജയത്തിന്റെ പതാകാവാഹകരായി. ആര്‍എസ്എസ് നേതൃത്വത്തിന്റെ ഇടപെടലിനെ എന്നും സംശയദൃഷ്ടിയോടെയാണ് കേരള ബിജെപി നോക്കിക്കണ്ടത്. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡു നിന്നും പാര്‍ലമെന്റിലേക്ക് പ്രാതിനിധ്യം ഉറപ്പിച്ചായിരുന്നു ബിജെപി മത്സരത്തിനിറങ്ങിയത്. എന്നാല്‍ അത് ഒരു സ്വപ്നമായി അവശേഷിച്ചു. മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ജനങ്ങളിലേക്കെത്തിച്ച് തുടര്‍ന്നുവന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് അഞ്ച് സീറ്റ് നേടുമെന്ന ആത്മവിശ്വാസം പാര്‍ട്ടി പ്രവര്‍ത്തകരില്‍ പ്രതിഫലിച്ചു. എന്നാല്‍ മന്ത്രിയായിരുന്ന കാലത്ത് താന്‍ നടത്തിയ വികസനത്തിന്റെ ചുവടുപിടിച്ച് ഒ. രാജഗോപാല്‍ മാത്രം നേമത്തുനിന്നും നിയമസഭയിലെത്തി.
ഇതോടെ ബിജെപിയെ കൈപിടിച്ചുയര്‍ത്താന്‍ ആര്‍എസ്എസ് നേതൃത്വം നിയോഗിച്ച കുമ്മനം രാജശേഖരന്റെ സംസ്ഥാന അധ്യക്ഷ പദവി അവസാനിപ്പിച്ചു. അദ്ദേഹത്തെ ഗവര്‍ണറായി നിയോഗിച്ചു. വി. മുരളീധരന്റെ നേതൃത്വത്തില്‍ ലോക്സഭ ഇലക്ഷനില്‍ കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തതുകൊണ്ടായിരുന്നു കുമ്മനം രാജശേഖരനെ സംസ്ഥാന അധ്യക്ഷനാക്കിയത്. തുടര്‍ന്ന് പി.എസ്. ശ്രീധരന് പിള്ളയെ സംസ്ഥാന അധ്യക്ഷനാക്കി. ഓഖിയും പ്രളയവും ശബരിമലപ്രശ്നവുമെല്ലാം സംസ്ഥാനത്തെ പിടിച്ചുലച്ചപ്പോള്‍ ബിജെപിയുടെ അധ്യക്ഷന്‍ നടത്തിയ പ്രതിഷേധ സമരങ്ങള്‍ പ്രതീകാത്മകമായി. എന്നാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ. സുരേന്ദ്രന് നടത്തിയ സമരങ്ങളും മറ്റും ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.
ശ്രീധരന് പിള്ളയെ നീക്കി സുരേന്ദ്രനെ അധ്യക്ഷ പദവിയിലേക്ക് നിയോഗിച്ചു. ശ്രീധരന് പിള്ളയെ ഗവര്‍ണറാക്കുകയും ചെയ്തു. ഇതിനിടെ കുമ്മനം ഗവര്‍ണര്‍ പദവി രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ പ്രവേശിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും അടുത്തുവന്നതോടെ സുരേന്ദ്രന്റെ യുവത്വവും കുമ്മനത്തിന്റെ പരിചയ സമ്പന്നതയും കേരളത്തിന് മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ദേശീയ നേതൃത്വത്തിനും ഉണര്‍വു നല്കി. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും കാറ്റില്‍പ്പറത്തിയാണ് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.
തുടര്‍ന്നു നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏക സിറ്റിംഗ് സീറ്റും കൈവിട്ടതോടെ സുരേന്ദ്രനെ നീക്കാന്‍ മുറവിളി ഉയര്‍ന്നു. ഇതിനിടെ സംസ്ഥാന നേതൃത്വത്തിനെതിരെ കള്ളപ്പണ വിവാദവും ഉയര്‍ന്നു. ഇതിനൊന്നും ചെവി കൊടുക്കാതെ ഇരിക്കുകയാണെന്ന മട്ടില്‍ ദേശീയ നേതൃത്വം തങ്ങളുടെ നീക്കങ്ങളുമായി മുന്നോട്ടു പോവുകയാണുണ്ടായത്. കേരളമില്ലെങ്കിലും ഭാരതം ബിജെപി ഭരിക്കുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിലെ ചിലര്‍ പറയാതെ പറഞ്ഞത്.
സീനിയര്‍ നേതാക്കളില്‍ ചിലര്‍ സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തയതോടെ അത് തണുപ്പിക്കാന്‍ ദേശീയ നേതൃത്വം ഇടപെട്ടു. നിയമസഭ തിരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസവുമായി രംഗത്തെത്തിയ ബിജെപി എട്ടുനിലയില്‍ പൊട്ടിയതോടെ നേതൃമാറ്റം ഉറപ്പായി. കോവിഡ് പടര്‍ന്നത് അധ്യക്ഷപദവിയില്‍ സുരേന്ദ്രന് ആയുസ് നീട്ടിക്കൊടുത്തെന്നാണ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ പറഞ്ഞത്. ഇപ്പോള്‍ രാജ്യമൊട്ടാകെ കോവിഡ് പടരുന്നത് നിയന്ത്രണാധീനമായതോടെയാണ് കേരളത്തിലെ ബിജെപി നേതൃത്വത്തെ ഉടച്ചുവാര്‍ക്കാന്‍ ദേശീയനേതൃത്വം കച്ചകെട്ടി ഇറങ്ങിയത്.
പൊതുജനസമ്മതരായ നേതാക്കളെ മുന്നില്‍ നിര്‍ത്തി കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താനാണ് ദേശീയ നേതൃത്വത്തിന്റെ ശ്രമം. അതിനാല്‍ സുരേഷ് ഗോപി, ജേക്കബ് തോമസ് എന്നിവരെ പരിഗണിക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രഥമപരിഗണന സുരേഷ് ഗോപിക്കാണെന്നും വിലയിരുത്തലുണ്ട്. ഇതിനിടെ ആര്‍എസ്എസ് പ്രചാരകനായ സംഘടന ജനറല്‍ സെക്രട്ടറി എം. ഗണേശിനെ ചുമതലയില്‍ നിന്നും മാറ്റണമെന്നും ശക്തമായ അഭിപ്രായമുണ്ട്. ഇപ്പോഴത്തെ സഹ പ്രാന്തപ്രചാരകനായ കെ. സുദര്‍ശനെ ജനറല്‍ സെക്രട്ടറിയായി വിട്ടുനല്‍കണമെന്ന് ദേശീയ നേതൃത്വം ആര്‍എസ്എസിനോട് ആവശ്യപ്പെട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ബിജെപി ദേശീയ നേതൃത്വവുമായുള്ള ശക്തമായ ബന്ധമാണ് സുദര്‍ശനെ പരിഗണിക്കാന്‍ കാരണം. എന്നാല്‍ പ്രചാരകവൃത്തിയില്‍ നിന്നും മുഴുവന്‍ സമയ രാഷ്ട്രീയക്കാരനിലേക്കുള്ള കൂടുമാറ്റം സുദര്ശന് ഉള്ക്കൊള്ളാനിടയില്ലെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സുദര്ശനല്ലെങ്കില് ഇപ്പോള്‍ ബിജെപിയുടെ സഹ സംഘടന സെക്രട്ടറിയായ കെ. സുഭാഷിനെ സംഘടന സെക്രട്ടറിയാക്കണമെന്നും അഭിപ്രായമുണ്ട്. സംഘടന സെക്രട്ടറിയുടെ കാര്യത്തില്‍ ആര്‍എസ്എസ് നേതൃത്വവുമായി ബിജെപി ധാരണയിലെത്തിയാല്‍ ഉടന്‍ തന്നെ പ്രസിഡന്റ് സ്ഥാനം പുതിയ ഒരാള്‍ക്കു നല്കാന് സുരേന്ദ്രന് നിര്‍ബന്ധിതനാവും.
ആര്‍എസ്എസ് ദക്ഷിണേന്ത്യന്‍ നേതൃനിരയിലെ നിറസാന്നിധ്യമായ തിരുവനന്തപുരത്തുകാരനും പ്രചാരകനുമായ ജയകുമാറിനെ അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി നേതൃത്വം നിയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കുന്ന വേളയില്‍ ആര്‍എസ്എസ് നേതൃത്വം ജയകുമാറിന്റെ പേരും ബിജെപി ദേശീയ നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചിരുന്നു. ആര്‍എസ്എസ് പരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ചുമതലയാണ് ഇപ്പോള്‍ ജയകുമാറിനുള്ളത്.
ദേശീയ തലത്തില്‍ ആര്‍എസ്എസ്- ബിജെപി നേതാക്കളോടുള്ള ബന്ധവും കേരള രാഷ്ട്രീയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും സാധാരണ പ്രവര്‍ത്തകര്‍ക്കിടയിലുള്ള സ്വീകാര്യതയുമെല്ലാം ജയകുമാറിനുള്ള അനുകൂല ഘടകങ്ങളാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ജയകുമാര്‍ ആരോടും തന്റെ മനസ് തുറന്നിട്ടില്ല.
കേരളത്തിലെ പല നേതാക്കള്‍ക്കും ദേശീയതലത്തില്‍ സ്വീകാര്യത കൈവരിക്കാന്‍ ജയകുമാര്‍ നടത്തിയ പരിശ്രമങ്ങള്‍ ഗ്രൂപ്പിസത്തിനപ്പുറം അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ അവരെ നിര്‍ബന്ധിതരാക്കും. ഇപ്പോള്‍ സംസ്ഥാന നേതൃനിരയിലെ പലരും അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ ജയകുമാറിനെ നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.