സ്വര്‍ണക്കടത്ത് കേസില്‍ ഫൈസൽ ഫരീദിനെ എൻ ഐ എ പ്രതിയാക്കിയത് യു.എ.ഇ കോൺസുലേറ്റിൽ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ

സ്വര്‍ണക്കടത്ത് കേസില്‍ ഫൈസൽ ഫരീദിനെ എൻ ഐ എ പ്രതിയാക്കിയത് യു.എ.ഇ കോൺസുലേറ്റിൽ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു. കോൺസുലേറ്റിൻറെ ചുമതലയുള്ള ഉദ്യോഗസ്ഥനില്‍ നിന്നാണ് ഫൈസലിന്‍റെ മേൽവിലാസം എന്‍ഐഎക്ക് ലഭിക്കുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വർണം അയച്ചത് തൃശൂർ കയ്പമംഗലം സ്വദേശി ഫൈസലിന്‍റെ മേൽവിലാസത്തിലാണ്. സ്വർണം അയക്കാനുപയോഗിച്ച ഐഡി നമ്പറും കോൺസുലേറ്റ് എന്‍ഐഎക്ക് കൈമാറിയിട്ടുണ്ട്. കസ്റ്റംസിന്‍റെ പ്രാഥമിക റിപ്പോർട്ട് പ്രകാരമാണ് എറണാകുളം സ്വദേശിയെന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയത്. ഇക്കാര്യങ്ങൾ എന്‍ഐഎ കോടതിയെ അറിയിക്കുകയായിരുന്നു.
തൃശൂർ, കൈപ്പമംഗലം, പുത്തൻപള്ളി, തൈപ്പറമ്പിൽ ഫൈസൽ ഫരീദ് എന്നാണ് ഫൈസലിന്റെ യഥാർത്ഥ വിലാസം എന്നാണ് എന്‍.ഐ.എ കോടതിയെ അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതിപ്പട്ടികയിൽ എൻ.ഐ.എ മൂന്നാം സ്ഥാനത്ത് ഉൾപ്പെടുത്തിയ പേരാണ് ഫൈസൽ ഫരീദിന്‍റേത്. യുഎഇയിലുള്ള ഫൈസലിനെ വിട്ടുകിട്ടണമെങ്കില്‍ ഇന്‍റർപോളിന്‍റെ ബ്ലൂ നോട്ടീസ് ആവശ്യമാണ്. അതിനുള്ള നീക്കങ്ങളാണ് എൻ ഐ എ ഇപ്പോൾ നടത്തി വരുന്നത്.
എന്‍ഐഎ ഇന്‍റർപോളിനു ബ്ലൂ നോട്ടീസ് അയയ്ക്കും. ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുക വഴി കേസില്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടുക എന്ന നടപടിക്രമം കൂടി എന്‍.ഐ.എ. നടത്തുകയാണ്. ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറാന്‍ ആവശ്യപ്പെട്ടാണ് ഇന്‍റര്‍പോളിന് എന്‍ഐഎ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നത്. ഫൈസൽ ഫരീദിനെ യുഎഇയിൽ നിന്ന് ഏറ്റുവാങ്ങാനുള്ള നീക്കത്തിലാണ് എൻഐഎ. കുറ്റവാളിയെന്ന് സംശയിക്കുന്ന ആളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടീസ്. കേസിലെ പ്രധാന കണ്ണിയാണ് ഫൈസൽ ഫരീദ്.
എൻഐഎയുടെ എഫ്‌ഐആറിൽ ഫൈസലിന്‍റെ പേര് ഫാസിൽ ഫരീദ്, എറണാകുളം എന്നായിരുന്നു. പ്രതിയുടെ എന്ന പേരില്‍ ഒരു ഫോട്ടോയും പ്രചരിച്ചിരുന്നു. തുടര്‍ന്ന് പ്രചരിച്ച ഫോട്ടോയിലുള്ള വ്യക്തി, തന്‍റെ പേര് ഫൈസല്‍ ഫരീദ് എന്നാണെന്നും, സ്വദേശം കൊച്ചിയല്ല, തൃശൂര്‍ ആണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ രംഗത്ത് വരുകയായിരുന്നു.