CrimeDeathLatest NewsNationalNewsUncategorized

ദൃശ്യം മോഡൽ കൊലപാതകം മധ്യപ്രദേശിലും; യുവതിയെ കൊന്ന് കുഴിച്ചിട്ടു ഒപ്പം നായയെയും: യുവ ഡോക്ടർ അറസ്റ്റിൽ

ഭോപ്പാൽ: ദൃശ്യം മോഡലിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ യുവ ഡോക്ടർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാത്ന ജില്ലയിൽ ദന്തഡോക്ടറായ അഷുതോഷ് ത്രിപാഠിയെയാണ് സാത്ന പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ക്ലിനിക്കിലെ ജീവനക്കാരിയായിരുന്ന വിബ കെവാത്തിനെ(24)യാണ് രണ്ട് മാസം മുമ്പ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. സംഭവത്തിൽ പോലീസിനെയും നാട്ടുകാരെയും കബളിപ്പിക്കാൻ ദൃശ്യം സിനിമയിലേതിന് സമാനമായ കാര്യങ്ങളും ഇയാൾ ചെയ്തു.

ഡിസംബർ 14-നാണ് വിബ കെവാത്തിനെ കാണാതാവുന്നത്. രാവിലെ ജോലിക്കായി ക്ലിനിക്കിലേക്ക് പോയ യുവതി വീട്ടിൽ തിരിച്ചെത്തിയില്ലെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. ക്ലിനിക്ക് ഉടമയായ അഷുതോഷിനോട് കാര്യം തിരക്കിയെങ്കിലും യുവതിയുടെ മാതാപിതാക്കളെ ഇയാൾ തെറ്റിദ്ധരിപ്പിച്ചു. വിബയ്ക്ക് കുടുംബത്തോടൊപ്പം താമസിക്കാൻ താത്പര്യമില്ലെന്നും അവർ ഒറ്റയ്ക്ക് ജീവിതം ആരംഭിച്ചെന്നുമാണ് ഇയാൾ യുവതിയുടെ മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് യുവതിയെ ഫോണിലൂടെയും മറ്റും ബന്ധപ്പെടാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല. യുവതി ഒറ്റയ്ക്ക് താമസിക്കുകയാണെന്ന് വിശ്വസിച്ച കുടുംബം ആദ്യനാളുകളിൽ പോലീസിലും പരാതി നൽകിയില്ല. പിന്നീട് സംശയം വർധിച്ചതോടെ ഫെബ്രുവരി ഒന്നിന് പോലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത പോലീസ് ആദ്യം അഷുതോഷിനെ ചോദ്യംചെയ്തെങ്കിലും യുവതിയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു ഇയാളുടെ മറുപടി. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം ബലപ്പെട്ടതോടെ പോലീസ് രഹസ്യമായി അന്വേഷണം തുടർന്നു. ഡിസംബർ 14-ന് ഡോക്ടർ അഷുതോഷിന്റെയും വിബയുടെയും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ഒരേസ്ഥലത്തായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഡോക്ടറെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

വിബയും താനും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും വിബ വിവാഹത്തിന് നിർബന്ധിച്ചതോടെയാണ് കൊലപാതകം നടത്തിയതെന്നും ഡോക്ടർ മൊഴി നൽകി. ഡിസംബർ 14-ന് വിവാഹക്കാര്യത്തെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് അഷുതോഷ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ടു. ഇതിനുമുന്നോടിയായി ഒരു നായയുടെ ജഡവും ഇയാൾ സംഘടിപ്പിച്ചിരുന്നു. നായയെ കുഴിച്ചിടാനെന്ന് പറഞ്ഞ് ചില തൊഴിലാളികളെ സംഘടിപ്പിച്ച് കുഴിയെടുത്തു. ഇവർ പോയ ശേഷം യുവതിയുടെ മൃതദേഹം പറമ്പിലെത്തിക്കുകയും ആദ്യം കുഴിച്ചിടുകയും ചെയ്തു. ഇതിനുമുകളിലായി കള്ളിമണ്ണടക്കം ഇട്ടശേഷം നായയുടെ ജഡവും കുഴിച്ചിട്ടു. ദിവസങ്ങൾക്ക് ശേഷം ആർക്കെങ്കിലും സംശയം തോന്നിയാലോ ദുർഗന്ധം വമിച്ചാലോ നായയെ കുഴിച്ചിട്ടത് കാരണമാണെന്ന് വിശ്വസിപ്പിക്കാനായിരുന്നു ഈ നീക്കം. ദൃശ്യം സിനിമയിൽ മോഹൻലാൽ പശുക്കിടാവിനെ കുഴിച്ചിട്ടതിന് സമാനമായി ആളുകളെയും പോലീസിനെയും തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്.

അതേസമയം, യുവ ഡോക്ടർ ഒറ്റയ്ക്കാണ് ഇതെല്ലാം ചെയ്തതെന്ന് പോലീസ് വിശ്വസിക്കുന്നില്ല. നായയുടെ ജഡം സംഘടിപ്പിച്ചുനൽകിയവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ കൂടുതൽപേർക്ക് പങ്കുണ്ടോ എന്നറിയാൻ പ്രതിയെ വിശദമായി ചോദ്യംചെയ്യുമെന്ന് സാത്‌ന പോലീസ് സൂപ്രണ്ട് ധരംവീർ സിങ് യാദവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button