രാജ്യത്ത് കൊവിഡ് കേസുകളുടെ പ്രതിദിന വർധന 30,000ൽ താഴെ, ഓരോ ദിവസവും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കുറയുന്നു.

ന്യൂഡൽഹി / രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 23,067 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകൾ 1,01,46,845 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 97 ലക്ഷം കവിഞ്ഞു. 97,17,834 പേരാണ് രോഗമുക്തി നേടിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.. ദേശീയ റിക്കവറി നിരക്ക് 95.77 ശതമാനമാണ്. അവസാന 24 മണിക്കൂറിൽ 336 പേർ കൂടി മരിച്ചു. രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് മരണസംഖ്യ 1,47,092 ആണ്. മരണനിരക്ക് ആവട്ടെ 1.45 ശതമാനത്തിൽ തുടരുകയാണ്.
തുടർച്ചയായി നാലാം ദിവസവും ആക്റ്റിവ് കേസുകൾ മൂന്നു ലക്ഷത്തിൽ താഴെ 2,81,919 ആണ്. ഓരോ ദിവസവും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കുറയുന്നു എന്നത് രാജ്യത്തിന് ആശ്വാസം പകരുകയാണ്. മൊത്തം കേസ് ലോഡിന്‍റെ 2.78 ശതമാനം മാത്രമാണ് ആക്റ്റിവ് കേസുകൾ ഇപ്പോഴുള്ളത്. വ്യാഴാഴ്ച 9.97 ലക്ഷത്തിലേറെ സാംപിളുകളാണു രാജ്യത്തു പരിശോധിച്ചതായി ഐസിഎംആർ വ്യക്തമാക്കി. കഴിഞ്ഞ 12 ദിവസമായി കൊവിഡ് കേസുകളുടെ പ്രതിദിന വർധന 30,000ൽ താഴെയാണ്. 13 ദിവസമായി പ്രതിദിന മരണസംഖ്യ 400ൽ താഴെയാണെന്നും ആരോഗ്യ മന്ത്രാലയം.