പെട്ടിമുടിയിൽ കണ്ടെടുത്തത് 26 മൃതദേഹങ്ങള്‍, 40 പേർ ഇപ്പോഴും മണ്ണിനടിയിൽ.

മൂന്നാര്‍ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 26 മൃതദേഹങ്ങളാണ് ശനിയാഴ്ച വൈകിട്ട് വരെ കണ്ടെത്താനായത്. രക്ഷപെട്ട 12 പേർ കഴിച്ചാൽ 40 പേർ ഇപ്പോഴും മണ്ണിനടിയിൽ തന്നെയാണ്. വെള്ളിയാഴ്ച കണ്ടെടുത്ത 17 മൃതദേഹങ്ങള്‍ രാജമല ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം അടുത്തുള്ള കായിക മൈതാനത്തോട് ചേര്‍ന്ന ഭാഗത്ത് കൂട്ടസംസ്‌കാരം നടത്തി. ജെ സി ബി ഉപയോഗിച്ച് തയാറാക്കിയ കുഴികളില്‍ 12, 5 വീതം മൃതദേഹങ്ങള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും അന്ത്യോപചാരങ്ങള്‍ക്കു ശേഷം സംസ്‌കരിക്കുകയായിരുന്നു.
കണ്ണന്‍ദേവന്‍ ഹില്‍സ് & പ്ലാന്റഷന്‍സിലെ തൊഴിലാളികളുടെ നാല് ലയങ്ങളില്‍ കഴിഞ്ഞിരുന്ന 83 പേരാണ് ഇവിടെ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് വലിയൊരു പ്രദേശം മുഴുവനായി ഇടിഞ്ഞ് വെള്ളപ്പാച്ചിലില്‍ ലയങ്ങളെ തുടച്ചു നീക്കിയത്. ഗാന്ധിരാജ് (48),ശിവകാമി (38) ,വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍ സ്വാമി (48), കണ്ണന്‍ (40),അണ്ണാദുരൈ ( 44), രാജേശ്വരി (43), കൗസല്യ (25), തപസ്സിയമ്മാള്‍ (42), സിന്ധു (13), നിധീഷ് (25), പനീര്‍ശെല്‍വം( 50), ഗണേശന്‍ (40), രാജ (35), വിജില (47), കുട്ടിരാജ് (48), പവന്‍ തായ് (52) ഷണ്‍മുഖ അയ്യന്‍ (58), മണികണ്ഡന്‍ (20), ദീപക് (18), പ്രഭ (55), ഭാരതി രാജ (35), സരോജ (58) ഒന്ന് (സ്ത്രീ) തിരിച്ചറിഞ്ഞിട്ടില്ല എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 3 പേര്‍ മുന്നാര്‍ റ്റാറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാള്‍ കോലഞ്ചേരി ആശുപത്രിയിലുണ്ട്.
മണ്ണിനടില്‍ ജീപ്പുകളും കാറുകളും ഇരുചക്രവാഹനങ്ങളും ഉണ്ടെന്ന് കരുതുന്നത്. പലതിന്റെയും അവശിഷ്ടങ്ങള്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. കൂടാതെ മ്ലാവ് ഉള്‍പ്പെടെ വന്യമൃഗങ്ങളുടെയും വളര്‍ത്തു മൃഗങ്ങളുടെയും ജഡങ്ങളും കാണപ്പെട്ടു. ഉരുള്‍പൊട്ടിയ ഭാഗങ്ങളിലൂടെ ശക്തമായ നീരൊഴുക്കുണ്ട്. പ്രദേശത്ത് കൂറ്റന്‍ പാറകള്‍ വന്നടിഞ്ഞിരിക്കുകയാണ്. ചിലയിടങ്ങളില്‍ പത്തടിയോളം എങ്കിലും മണ്ണ് മൂടിയിട്ടുണ്ട്. തിരച്ചില്‍ ദേശീയ ദുരന്തനിവാരണ സേനയ്‌ക്കൊപ്പം വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമുണ്ട്. ഡി എഫ് ഒ മാരായ ആര്‍. കണ്ണന്‍ , ലക്ഷ്മി എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി രംഗത്തുണ്ട്. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ ദിനേശ് എം പിള്ള, ദേവികുളം മുന്‍സിഫ് മജിസ്‌ട്രേറ്റ് ആനന്ദ് ബാലചന്ദ്രന്‍, ദേവികുളം ബാര്‍ അസോസിയേഷന്‍ ഭാരവാഹി എം.സി. രാജേഷ് എന്നിവരും കോടതി സ്റ്റാഫും ചേര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച് ദുരിതാശ്വാസ സാമഗ്രികള്‍, ഭക്ഷണം എന്നിവ പൊലീസിനു കൈമാറി.
ബാക്കിയുള്ളവർക്കായുള്ള തിരച്ചിൽ പ്രവര്‍ത്തനങ്ങള്‍ വരും ദിനങ്ങളിലും തുടരുമെന്ന് സ്ഥലം സന്ദര്‍ശിച്ച റവന്യം മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വളരെ പ്രതികൂല സാഹചര്യങ്ങളിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ഇപ്പോള്‍ കാര്യക്ഷമായ രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. ഏറ്റവും അപകട സാധ്യത കുറവുണ്ടെന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഇപ്പോള്‍ ദുരന്തമുണ്ടായിരിക്കുന്നത്. മന്ത്രിയോടൊപ്പം ഇ എസ്. ബിജിമോള്‍ എംഎല്‍എ, കെ.കെ.ശിവരാമന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. രാവിലെ ജില്ലയുടെ ചുമതലയുള്ള മന്ത്രി എം എം മണി സ്ഥലം സന്ദര്‍ശിച്ച് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയുണ്ടായി.