ഉത്തരഖാണ്ഡ് ദുരന്തം; പത്തോളം മൃതദേഹങ്ങൾ കണ്ടെത്തി: 16 പേരെ രക്ഷപ്പെടുത്തി

മഞ്ഞുമല ഇടിഞ്ഞതിനേത്തുടർന്ന് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠ് ധൗലി ഗംഗാ നദിയിൽ വെള്ളപ്പൊക്കം. സംഭവത്ത് നൂറു മുതൽ നൂറ്റമ്പത് പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. തിരച്ചിലിനിടയിൽ 10 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്.
അതേസമയം, ചമോലി ജില്ലയിലെ തപോവൻ ഡാമിന് സമീപം നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങിയ 16 പേരെയും ഐ. ടി. ബി പി ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയതായി എം. എച്ച്. എ വൃത്തങ്ങൾ പറഞ്ഞു.
വലിയ വെള്ളപ്പൊക്കത്തെ തുടർന്ന് തപോവൻ പ്രദേശത്തെ ഋഷിഗംഗ പവർ പ്രോജക്ടിന് തകരാർ സംഭവിച്ചതായാണ് റിപ്പോർട്ട്. കനത്ത മഴയും പെട്ടെന്നുള്ള വെള്ളവും കാരണം ചമോലിയിലെ റിനി ഗ്രാമത്തിൽ ഋഷിഗംഗ പദ്ധതിക്ക് നാശനഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ട്വീറ്റ് ചെയ്തു.
ഋഷിഗംഗ വൈദ്യുതി പദ്ധതിയിൽ ജോലി ചെയ്യുന്ന 150 ലധികം തൊഴിലാളികളെ ദുരന്തം നേരിട്ട് ബാധിച്ചിരിക്കാമെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന ഡി ഐ ജി റിദിം അഗർവാൾ വാർത്താ ഏജൻസിയായ പി. ടി ഐയോട് പറഞ്ഞു.
അളകനന്ദയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ളതായി തീരപ്രദേശങ്ങളിൽ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദിക്കരയിൽ താമസിക്കുന്നവരെ പ്രദേശത്ത് നിന്ന് മാറ്റിപാർപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്.
ജോഷിമത്ത് പ്രദേശത്ത് നിന്ന് 26 കിലോമീറ്റർ അകലെയുള്ള റെനി ഗ്രാമത്തിന് സമീപം നിരവധി അപകടങ്ങൾ ഉണ്ടായിട്ടുള്ളതായി സൂചനകൾ ഉണ്ട്. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഇതിനോടകം തന്നെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.