ദത്തെടുത്ത മാതാപിതാക്കളുടെ മരണം വീണ്ടും അനാഥനാക്കിയ 16കാരനെ ഹരിയാന സര്‍ക്കാര്‍ സംരക്ഷിക്കും
ചണ്ഡീഗഢ്: ദത്തെടുത്ത മാതാപിതാക്കളുടെ മരണം വീണ്ടും അനാഥനാക്കിയ 16കാരനെ ഹരിയാന സര്‍ക്കാര്‍ സംരക്ഷിക്കും. അഭയ കേന്ദ്രത്തിലെത്തി കുട്ടിയെ സന്ദര്‍ശിച്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, ഭാവിയിലെ എല്ലാവിധ ചെലുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചു.
ഭിന്നശേഷിക്കാരനായ വിശാലാണ് ദത്തെടുത്ത മാതാപിതാക്കളുടെ മരണത്തോടെ വീണ്ടും അനാഥനായത്. വിശാലിന് കാഴ്ചയും സംസാരശേഷിയുമില്ല. ഗുരുഗ്രാമിലെ ദീപാശ്രം എന്ന അഭയകേന്ദ്രത്തിലാണ് വിശാല്‍ ഇപ്പോഴുള്ളത്.
ഫരീദാബാദിലെ ദമ്ബതികള്‍ മക്കളില്ലാത്ത സങ്കടം നികത്താനായാണ് ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. അങ്ങനെ, കാഴ്ചയും സംസാരശേഷിയുമില്ലാത്ത ആണ്‍കുഞ്ഞിനെ ഇവര്‍ ദത്തെടുത്തു വളര്‍ത്തി. എന്നാല്‍, കോവിഡ് മഹാമാരി ഒരു വേട്ടക്കാരനായി ഇവരിലേക്കെത്തിയതോടെ ജീവിതം ദുരന്തമായി മാറുകയായിരുന്നു.
കോവിഡ് ബാധിച്ച പിതാവ് മേയ് 14ന് മരണമടഞ്ഞു. അതീവ ദുഖിതയായ മാതാവ് മേയ് 22ന് ആത്മഹത്യ ചെയ്തു. ഇതോടെ, ഭിന്നശേഷിക്കാരനായ ആ 16കാരന്‍ വീണ്ടും അനാഥനായി. വളര്‍ത്തച്ഛനും അമ്മയും ആഴ്ചകള്‍ക്കുള്ളില്‍ വിട്ടുപോയതോടെ അസുഖബാധിതനായ വിശാലിനെ ദീപാശ്രം അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ഞെട്ടലില്‍ നിന്ന് അവന്‍ പൂര്‍ണമായും മുക്തനായിട്ടില്ലെന്ന് ആശ്രമം അധികൃതര്‍ പറയുന്നു. പേര് വിളിക്കുമ്ബോള്‍ ചിരിക്കും. ശാന്തനാണ്. ഭക്ഷണം കഴിക്കുന്നുണ്ട് -ഇവര്‍ പറഞ്ഞു. രക്ഷിതാക്കളുടെ മരണത്തിന് പിന്നാലെ രണ്ട് ദിവസം ആശുപത്രിയിലായിരുന്നു കുട്ടി.
പിതാവ് മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ അമ്മയോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവരോടെല്ലാം വീടുകളിലേക്ക് മടങ്ങാന്‍ അമ്മ തന്നെ നിര്‍ദേശിക്കുകയായിരുന്നു. അടുത്ത ദിവസമാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
പാര്‍ട്ടി പ്രവര്‍ത്തകരാണ് വിശാലിനെ കുറിച്ച് തന്നോട് പറഞ്ഞതെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍പറഞ്ഞു. കോവിഡ് അനാഥരാക്കിയ കുട്ടികളെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.